സംസ്കൃത വിഭാഗത്തില്‍ മുസ്ലീം അധ്യാപകനെ നിയമിച്ചു; ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സമരവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

single-img
8 November 2019

ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്കൃത വിഭാഗത്തില്‍ മുസ്ലിമായ അസിസ്റ്റന്‍റ് പ്രൊഫസറെ നിയമിച്ചതില്‍ പ്രതിഷേധവുമായി ഒരുകൂട്ടം വിദ്യാർത്ഥികള്‍ സമരം ചെയുന്നു. സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വീടിന്റെ മുന്‍പിലാണ് ഇവര്‍ സമരവുമായി എത്തിയത്.

സംസ്കൃത വിഭാഗത്തിലെ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായാണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഫിറോസ് ഖാനെ സര്‍വകലാശാല നിയമിച്ചത്. ഇദ്ദേഹത്തിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വിസിക്ക് കത്തെഴുതുകയും ചെയ്തു.

സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത വിഭാഗത്തിലെ അധ്യാപകരെന്ന് സര്‍വകലാശാലയുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാര്‍ത്ഥികള്‍ വിസിയ്ക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചു. നിയമനത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

അതേസമയം, കഴിവ് നോക്കിയാണ് അധ്യാപകരെ നിയമിച്ചതെന്നും ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലല്ല നിയമനം നടക്കുന്നത്, സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും അധികൃതര്‍ വ്യക്തമാക്കി.