അയോധ്യ കേസ്; സുപ്രീം കോടതി വിധി ശനിയാഴ്ച; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം

single-img
8 November 2019

ദീർഘകാലമായി കോടതിയിൽ വാദ പ്രതിവാദങ്ങൾ നടന്ന അയോധ്യ കേസിൽ സുപ്രീംകോടതി നാളെ വിധി പ്രഖ്യാപിക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനും ക്രമസമാധാന പാലനത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. പിന്നാലെ സംസ്ഥാന പോലീസ് മേധാവിയും ഗവർണറെ കണ്ടു.

പോലീസ് മേധാവി നിലവിലുള്ള സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഗവര്‍ണറെ അറിയിച്ചു. ജില്ലകളിലെ എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും.

സുരക്ഷയെ മുൻനിർത്തി കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ നാളെ വിധി പറയുക. രണ്ടാം ശനിയായ നാളെ അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. നാളെ രാവിലെ പത്തരയോട് കൂടി വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.