ശബരിമല വ്രതമെടുക്കുന്ന പോലീസുകാര്‍ കറുപ്പുടുത്ത് ഡ്യൂട്ടിക്ക് വരാൻ പാടില്ല; സർക്കുലറുമായി തെലങ്കാന പോലീസ് കമ്മീഷണര്‍

single-img
7 November 2019

ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വ്രതമെടുക്കുന്ന പോലീസുകാര്‍ യൂണിഫോമിലല്ലാതെ കറുപ്പുടുത്ത് ഡ്യൂട്ടിയില്‍ വരുന്നത് അനുവദിക്കാനാവില്ല എന്ന് തെലങ്കാനയിലെ രചകൊണ്ട പോലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍. പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് ഈ മാസം 1-നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കറുപ്പ് വേഷത്തില്‍ ഡ്യൂട്ടിക്ക് വരാന്‍ കഴിയില്ല. ഇത്തരത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിരവധി പോലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് പോലീസ് യൂണിഫോം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ നിയമം ആവശ്യപ്പെടുന്ന രീതിയിലുള്ള യൂണിഫോം, ഷൂസ്, മറ്റ് വസ്ത്രങ്ങള്‍ ഇവ ഇല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതല്ല. അഥവാ വ്യക്തിപരമായി വ്രതം അനുഷ്ഠിച്ച് ശബരിമല ദര്‍ശനം നടത്തണമെന്നുണ്ടെങ്കില്‍ അവധിയെടുത്ത് അത് ചെയ്യണം. പോലീസ് സേന പോലെ ഒരു സേനയില്‍ ഒരാള്‍ക്കും അതല്ലാതെ അനുവാദം നല്‍കാനാവില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

പോലീസുകാര്‍ വിശ്വാസപരമായ ചടങ്ങുകള്‍ നടത്തുന്നതിനായി വേണ്ടി രണ്ട് മാസത്തെ അവധി ചോദിക്കുകയാണെങ്കില്‍ ഔദ്യോഗിക ഡ്യൂട്ടിയെ ബാധിക്കാത്ത തരത്തില്‍ നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ സര്‍ക്കുലറിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷണര്‍ ചെയ്തത് മത വിവേചനമാണെന്ന്‍ ബിജെപി ആരോപിക്കുന്നു.