മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

single-img
7 November 2019

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ നടന്ന മാവോയിസ്റ്റ് എറ്റുമുട്ടല്‍ അന്വേഷണത്തില്‍ നിന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പകരം ഡിവൈഎസ്പി ഉല്ലാസിനെ നിയമിച്ചു. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഫിറോസ് തന്നെ കേസ് അന്വേഷിക്കുന്നത് ശരിയാകില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത്. അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

പാലക്കാട് മഞ്ചക്കണ്ടിയില്‍ രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മാവോയിസ്റ്റുകളെ പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. എല്‍ഡിഎഫ് ഘടകക്ഷിയായ സിപിഐ തന്നെ ആരോപണം ഉന്നയിച്ചു രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.