തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണവേട്ട; അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 30 കിലോ സ്വര്‍ണം

single-img
7 November 2019

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. 130 യാത്രക്കാരില്‍ നിന്നായി 30 കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി യാത്രക്കാര്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം കടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് പരിശോധന നടത്തിയത്. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആഭരണങ്ങളായും ദ്രാവകരൂപത്തിലും കുഴമ്പു രൂപത്തിലുമൊക്കെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനാണ് യാത്രക്കാര്‍ ശ്രമിച്ചത്. ദുബായ്, ഷാര്‍ജ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണത്തിനു പുറമെ ഐഫോണ്‍ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണസംഘം കണ്ടെത്തി.