ശ്രീകോവിലിനുള്ളിൽ മാസ്ക് ധരിച്ച ദൈവങ്ങൾ; ഇത് വാരാണസിയിലെ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച

single-img
6 November 2019

അന്തരീക്ഷ മലിനീകരണവും അതിന്റെ അനന്തര ഫലങ്ങളും കേവലം മനുഷ്യർക്ക് മാത്രമല്ല, ദൈവങ്ങൾക്ക് പോലും അസഹ്യമായി എന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തരേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വാരാണസിയിലെ ഭോലേനാഥ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ ഉള്ള ദൈവങ്ങളുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

പ്രദേശത്തെ സിഗ്രയിലുള്ള ശിവപാർവതീ ക്ഷേത്രത്തിലെ ശിവനും, ദുർഗയ്ക്കും, കാളീദേവിക്കും എല്ലാം കറുപ്പും വെളുപ്പും നിറങ്ങളിലുള്ള തുണികൊണ്ടുള്ള മാസ്കുകൾ ധരിപ്പിച്ചിട്ടുണ്ട്.

ഇത് ചെയ്തതാകട്ടെ അമ്പലത്തിലെ ശാന്തിക്കാരും. ഫോട്ടോകള്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഈ വിഷയത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്, “തണുപ്പ് കാലത്ത് പല ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾക്ക് കമ്പിളിപ്പട്ടുകൊണ്ടുള്ള അംഗവസ്ത്രങ്ങൾ ധരിപ്പിക്കാറുണ്ട്. എന്നാല്‍ പിന്നെ വായുമലിനീകരണം അമിതമായ ഈ കാലത്ത് മുഖത്ത് മാസ്ക് ധരിപ്പിക്കുന്നതിൽ ഇത്ര അതിശയപ്പെടാനെന്തിരിക്കുന്നു..?” എന്നായിരുന്നു.

ഈ ക്ഷേത്രത്തില്‍ മുടങ്ങാതെ ദർശനം നടത്തുന്ന പല വിശ്വാസികളും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പാത പിന്തുടർന്ന് മാസ്കുകൾ ധരിച്ചു നടക്കാൻ തുടങ്ങിയെന്നും, ഇങ്ങിനെ ചെയ്യുന്നത് വിശ്വാസികളുടെ ആരോഗ്യം വർദ്ധിപ്പിക്കും എന്ന നിലയ്ക്ക് സമൂഹത്തിന് തന്നെ നല്ലതാണ് എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വാരമാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുപ്രീം കോടതി ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അതി ശക്തമായ ശക്തമായ കാറ്റ് ഡല്‍ഹിയില്‍ നിന്നും പുക അടിച്ചുകൂടെക്കൊണ്ടുപോയി നിലവില്‍ വാരാണസിവരെ എത്തിച്ചിരിക്കുകയാണ് എന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.