വര്‍ഷങ്ങളായി അലനെ നിരീക്ഷിക്കുന്നുണ്ടെന്ന്‌ പറഞ്ഞ്‌ പൊലീസ് പുറത്തു വിട്ടത് 10 ദിവസം മുന്‍പെടുത്ത ചിത്രം

single-img
6 November 2019

കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. അറസ്റ്റിലായ അലന്‍ ഷൂഹൈബിനെ വര്‍ഷങ്ങളായി നിരീക്ഷിക്കുകയായിരുന്നു എന്ന് വ്യക്തമാക്കിയാണ് പൊലീസ് അലന്‍ പങ്കെടുത്ത ഒരു പരിപാടിയുടെ ഫോട്ടോ പുറത്തുവിട്ടത്.

എന്നാല്‍ തെളിവായി പൊലീസ് പുറത്തുവിട്ട പടം പത്തു ദിവസം മുന്‍പ് എടുത്തതാണ്. കഴിഞ്ഞ ഒക്ടോബര്‍ 26 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനു സമീപം നടന്ന കുര്‍ദിസ്ഥാന്‍ സോളിഡാരിറ്റി നെറ്റ് വര്‍ക് കേരളയുടെ പ്രതിഷേധ പരിപാടിയിലാണ് അലന്‍ പങ്കെടുത്തത്.

ഉത്തര സിറിയയിലെ റൊജാവോയില്‍ തുര്‍ക്കിയുടെ അധിനിവേശങ്ങള്‍ക്കെതിരെ കുര്‍ദ് വംശജരുടെയും മറ്റും ചെറുത്തുനില്‍പിന് പിന്തുണയേകിയുമായിരുന്നു പ്രകടനം. ‘വിപ്ലവത്തിനൊപ്പം, റൊജാവോക്കൊപ്പം’ എന്ന തലക്കെട്ടില്‍ നടന്ന നിയമവിധേയമായ സമ്മേളനത്തിലാണ് അലന്‍ പങ്കെടുത്തത്. ഭീകരസംഘടനയായ ഐഎസിനെയടക്കം ശക്തമായി എതിര്‍ക്കുന്നവരാണ് റൊജാവോയിലെ വിപ്ലവകാരികള്‍. ഈ സംഘടനക്ക് ഒരുതരത്തിലും മാവോവാദിബന്ധമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

അലന്‍ അടക്കമുള്ളവര്‍ എറണാകുളത്ത് നടന്ന പ്രതിഷേധസംഗമത്തില്‍ പങ്കെടുക്കുന്നത് സോളിഡാരിറ്റി നെറ്റ്‌വര്‍ക്ക് കേരളയുടെ ഫേസ്ബുക്ക് പേജിലുണ്ട്. ഈ ചിത്രമാണ് വര്‍ഷങ്ങളായി നിരീക്ഷിച്ചതിെന്റ തെളിവെന്ന രീതിയില്‍ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.