മുറിവിന് സ്വകാര്യ ആശുപത്രിയില്‍ നിര്‍ദേശിച്ചത് ചിലവേറിയ സര്‍ജറി; ഗവണ്‍മെന്റ് ആശുപത്രിയില്‍ 5 രൂപയ്ക്ക് അസുഖം ഭേദമായി, അധ്യാപകന്റെ ഫെയ്‌സബുക്ക് കുറിപ്പ് വൈറലാകുന്നു

single-img
6 November 2019

പാലാ: സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന കൊള്ളകളെ പറ്റി നാം കേട്ടിട്ടുണ്ട്. ഒരു മുറിവിന് ചിലവേറിയ സര്‍ജറി നിര്‍ദേശിച്ച് ആശുപത്രികളും കേരളത്തിലുണ്ട്. എന്നാല്‍ അതേ മുറിവ് വെറും അഞ്ചു രൂപയ്ക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ഭേദമാക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രാമപുരം സബ്ജില്ലാ കലോത്സവത്തിനിടയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ കാലു മുറിഞ്ഞു. ആദ്യം ചികിത്സയ്ക്കായി ചെന്ന് സ്വകാര്യ ആശുപത്രിയില്‍ നിര്‌ദേശിച്ചത് 50000 രൂപ ചെലവില്‍ സര്‍ജറിയാണ്. കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ തീരുമാനിച്ച മാതാപിതാക്കളും അധ്യാപകരും മെഡിക്കല്‍ കോളേജിലേക്കു പോകുന്ന വഴി കുട്ടിയെ പാല സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചു.

അഞ്ചു രൂപയ്ക്ക് ചീട്ടെടുത്തു. ഡോക്ടര്‍ മുറിവ് തുന്നിക്കെട്ടി. സൗജന്യമായി മരുന്നും നല്‍കി.20 മിനിറ്റിനുള്ളില്‍ കാര്യം നടന്നു.ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു അധ്യാപകന്‍ അരുണ്‍ കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

‘ഓരോ ചെറിയ മുറിവിനും ലക്ഷങ്ങള്‍ പിഴിഞ്ഞുവാങ്ങുമ്പോള്‍ ഒരു കണക്ക് വേണം. തുക വാങ്ങരുതെന്ന് പറയുന്നില്ല. കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം.”- അധ്യാപകന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

”കൊന്ന് കൊലവിളിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകൾ.

പ്രവിത്താനം: രാമപുരം സബ്ജില്ലയിലെ സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. കലോത്സവത്തിരക്കിലായിരുന്ന എൻറെ മൊബൈലിൽ 12.45 ആയപ്പോളേക്കും സ്‌കൂളിൽ നിന്നും hm ന്റെ ഒരു കോൾ വന്നു. ഉടൻ സ്‌കൂളിലോട്ട് എത്തണമെന്നും ഓടിയപ്പോൾ തെന്നിവീണ് ടൈലിന്റെ അരത്തിൽ 6ൽ പഠിക്കുന്ന അലന്റെ കാൽ മുറിഞ്ഞെന്നും പറഞ്ഞപ്പോൾ ടീച്ചറിന്റെ ശബ്ദം ഇടറിയിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നതിനാൽ എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. സഹപ്രവർത്തകനെയും കൂട്ടി അടുത്തുള്ള പ്രവിത്താനത്തെ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി. നല്ല സമീപനം. കുട്ടിയുടെ വീട്ടുകാർ അപ്പോഴേയ്ക്കും ഹോസ്പിറ്റലിൽ എത്തിയിരുന്നു. ഡോക്ടറുമായി സംസാരിച്ചപ്പോൾ മുറിവ് ആഴത്തിൽ ഉള്ളതിനാൽ അഡ്മിറ്റ് ചെയ്ത് സർജറി ചെയ്യണമെന്ന് കൂടി അറിയിച്ചു. അനസ്‌തേഷ്യ കൊടുക്കുന്നത് മറ്റൊരു ഡോക്ടർ ആയതിനാൽ സമയം അറിയിക്കാമെന്നും പറഞ്ഞു ഞങ്ങളെ (കുട്ടിയുടെ അമ്മയും, അച്ഛനും, ഞാനും) ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. മുപ്പത്തയ്യായിരം രൂപ അടച്ചാൽ ഉടൻ തന്നെ ഓപ്പറേഷൻ നടത്താമെന്ന് നേഴ്‌സ് അറിയിച്ചു. (മരുന്നിന്റെയും റൂമിന്റെയും ഉൾപ്പെടുത്തതെയാണ്) കുറഞ്ഞത് അൻപതിനായിരം രൂപ അവിടെ ചിലവ് വരുമെന്ന് എനിക്ക് മനസ്സിലായത് കൊണ്ട് രക്ഷകർത്താകളുടെ സമ്മതത്തോടെ മെഡിക്കൽകോളേജിലേക്ക്. പോകുന്ന വഴി പാലാ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചു നോക്കാം കൂടിയ കേസുകൾ എടുക്കാൻ ചാൻസില്ല എന്ന് കൂടെയുള്ളവർ പറഞ്ഞെങ്കിലും പാലാ ഹോസ്പിറ്റലിലെ ആർ.എം.ഒ ഡോക്ടർ മഞ്ചു വിനെ കാണിച്ചു. എങ്ങോട്ടും പോകണ്ട. ഇത്ര പേടിക്കാനൊന്നുമില്ല ഇത് ഇവിടെ ചെയ്യാമെന്ന് പറഞ്ഞു 20 മിനിറ്റ് കൊണ്ട് ഡോക്ടർ തുന്നിക്കെട്ടി. വേദന കൊണ്ട് പുളയുന്ന അലനെ സമാധാനിപ്പിച്ചു ഞാനും അവിടെ നിന്നു. 4 തരത്തിലുള്ള മരുന്നുകളും സൗജന്യമായി കിട്ടി. ഒന്നിനും പുറത്തു പോകേണ്ടിവന്നില്ല. ആകെ 5 രൂപയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി. അഡ്മിറ്റ് ചെയ്യാനുള്ള ഒന്നുമില്ല എന്നും വീട്ടിൽ പോയി 2 ദിവസത്തിന് ശേഷം സ്‌കൂളിൽ പൊക്കോ അവന്റെ ക്ലാസ് മുടക്കണ്ട എന്നും പറഞ്ഞിട്ട് ഡോക്ടർ ക്യാഷ്വാലിറ്റിയിലേക്ക് ചെന്നപ്പോൾ ക്യൂവിൽ നിൽക്കുന്ന രോഗികളുടെ എണ്ണം പതിന്മടങ്ങ് ഇരട്ടിയായിരുന്നു.

ഓരോ ചെറിയ മുറിവിനും ലക്ഷങ്ങൾ പിഴിഞ്ഞുവാങ്ങുമ്പോൾ ഒരു കണക്ക് വേണം.
തുക വാങ്ങരുതെന്ന് പറയുന്നില്ല.
കുറയ്ക്കുകയും വേണ്ട. വാങ്ങുന്നതിന് ഒരു പരിധി വേണമെന്ന് മാത്രം.
നമ്മളാരും പിറവിയെടുത്തപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല. തിരിച്ചങ്ങു പോകുമ്പോളും ഒന്നും കൊണ്ടുപോകുന്നുമില്ല.

അഡ്മിറ്റ് ചെയ്യാതെ…ഓപ്പറേഷൻ ചെയ്യാതെ വേറെ വഴിയില്ല എന്നു പറഞ്ഞ ഡോക്ടർക്കായി ഞാനിത് സമർപ്പിക്കുന്നു.

പാലാ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ മഞ്ചുവിന് ഹൃദയത്തിൽ ചേർത്ത് കൊണ്ട് ഒരായിരം നന്ദി.

ആരെയും മോശമാക്കാൻ വേണ്ടിയല്ല ഞാനിത് പോസ്റ്റ് ചെയ്യുന്നത്. അറിയാതെ ആരും ചതിക്കുഴിയിൽ വീഴരുതെന്ന് മാത്രം.”

കൊന്ന് കൊലവിളിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകൾ.പ്രവിത്താനം: രാമപുരം സബ്ജില്ലയിലെ സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു….

Posted by Arun Krishna on Wednesday, October 30, 2019