ചീഫ് സെക്രട്ടറിയുടെ ലേഖനത്തിലെ അഭിപ്രായം വ്യക്തിപരം; അന്വേഷണത്തെ ബാധിക്കില്ല: മുഖ്യമന്ത്രി

single-img
6 November 2019

അട്ടപ്പാടിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെ തള്ളാതെ മുഖ്യമന്ത്രി നിയമസഭയിൽ. ചീഫ് സെക്രട്ടറി എഴുതിയ ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലേഖനം എഴുതാൻ ചീഫ് സെക്രട്ടറി സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോൾ ചീഫ് സെക്രട്ടറി ലേഖനം എഴുതിയത് അനുചിതമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം എന്താണെന്ന ചോദ്യം ഉയർത്തിയത്. 

അട്ടപ്പാടിയില്‍ മാവോവാദികള്‍ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു ചീഫ് സെക്രട്ടറിയുടെ ലേഖനം. ജനാധിപത്യ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളാണെന്നും ഒരുകാരണവശാലും ഇത്തരം ആശയങ്ങളെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി.

അഗളിയില്‍ നടന്ന വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ കൃത്യനിര്‍വഹണം മാത്രമാണ് നടത്തിയതെന്നും ആയുധങ്ങളേന്തിയ മാവോവാദികള്‍ക്ക് സാധാരണക്കാര്‍ക്കുള്ള മനുഷ്യാവകാശങ്ങളും വിശേഷാധികാരങ്ങളും നല്‍കണമെന്ന് വാദിക്കുന്നതില്‍ യുക്തിയില്ലെന്നും ലേഖനത്തിൽ ചീഫ് സെക്രട്ടറി വാദിച്ചിരുന്നു.

സെക്രട്ടറിയുടെ ലേഖനം നിയമവിരുദ്ധമാണെന്ന് സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചു. നിയമസഭ സമ്മേളനം നടക്കുമ്പോള്‍ അങ്ങനെ എഴുതാന്‍ പാടില്ല. നിയമപരമായി തെറ്റാണ്. ചീഫ് സെക്രട്ടറി ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല. അങ്ങനെ പറയാനുള്ള അവകാശവുമില്ല. കേരളത്തില്‍ ഒരു ജനാധിപത്യ സര്‍ക്കാരില്ലേ എന്നും സി.പി.ഐ. നേതാക്കള്‍ ചോദിച്ചിരുന്നു.