സൈനികര്‍ക്കെന്നു പറഞ്ഞ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; ഓണ്‍ലൈനായി ഹോട്ടലുടമയില്‍ നിന്ന് തട്ടിയെടുത്തത് 8000 രൂപ

single-img
6 November 2019

വണ്ടൂര്‍: സൈനികര്‍ക്കെന്നു പറഞ്ഞ് പാര്‍സല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.ഓണ്‍ലെന്‍ ഇടപാടിലൂടെ ഹോട്ടലുടമയുടെ മകന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്തത് 8000 രൂപ. മലപ്പുറം ചെറുകോട് മലബാര്‍ ഹോട്ടല്‍ ഉടമ അബൂബക്കറും മകന്‍ ലുഖ്മാനുല്‍ ഹക്കീമും ആണ് കബളിക്കപ്പെട്ടത്.

വികാസ് പട്ടേല്‍ എന്ന സൈനിക ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ ഫോണ്‍ചെയ്തത്.വാട്ട്‌സാപ്പ് വഴി മെനു അയക്കാമെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു.ഹിന്ദിയില്‍ സംസാരിച്ചതിനാല്‍ ലുഖ്മാനുല്‍ ഹക്കീമാണ് സംസാരിച്ചത്.
വിളിച്ച ആള്‍ 25 പൊറോട്ട, 25 ചപ്പാത്തി,10 ഫ്രൈഡ് റൈസ്, ചിക്കന്‍ ചില്ലി റോസ്റ്റ് തുടങ്ങി 1400 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.ബില്ലിന്റെ പടം അയക്കാനും തങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ എത്തുമെന്നും അറിയിച്ചു.

ഇവരെ കാണാതെ തിരിച്ചു വിളിച്ചപ്പോള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാമോ എന്നു ചോദിച്ചു. ഭക്ഷണം പാഴാകുമെന്നു പറഞ്ഞപ്പോള്‍ പണം തരാം എന്നു പറഞ്ഞ് അക്കൗണ്ട് നമ്പര്‍ വാങ്ങി. 1500 രൂപ അയച്ചുവെന്ന് പറഞ്ഞു.പണം ലഭിച്ചില്ലെന്നു പറഞ്ഞപ്പോള്‍ എടിം കാര്‍ഡിന്റെ ഫോട്ടോയും, ഫോണില്‍ വന്ന മെസേജിലെ നമ്പറും ആവശ്യപ്പെട്ടു. മൂന്നുതവണ ഇവര്‍ നമ്പര്‍ പറഞ്ഞു കൊടുത്തു.പിന്നീട് നോക്കിയപ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കണ്ടെത്തി.

കൂടുതല്‍ പണം നഷ്ടമാകാതിരിക്കാന്‍ ഉടന്‍ തന്നെ എഡിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു.തങ്ങള്‍ക്ക് നെറ്റ്ബാങ്കിംഗ് ഇടപാടു നടത്തി പരിചയമില്ലെന്ന് ഹോട്ടലുടമകള്‍ പറഞ്ഞു. തട്ടിപ്പു നടത്താന്‍ വിളിച്ചവര്‍ സൈനികരെന്നു തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍ അയച്ചിരുന്നുവെന്നും പിന്നീടു നോക്കുമ്പോള്‍ അവര്‍ തന്നെ ഡിലീറ്റ് ചെയ്തതായി കണ്ടുവെന്നും ഹക്കീം പറയുന്നു.പൊലീസ് അന്വേഷണത്തില്‍ നോയ്ഡയില്‍ നിന്നാണ് പണം പിന്‍വരിച്ചതെന്ന് കണ്ടെത്തി.