കാവി ഷാളും രുദ്രാക്ഷവും; തിരുവള്ളുവരെ കാവിവത്ക്കരിക്കാന്‍ ശ്രമിച്ച ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

single-img
6 November 2019

തമിഴ് ദാര്‍ശനികൻ തിരുവള്ളുവറിനെ കാവിവത്ക്കരിക്കാൻ ശ്രമം. തിരുവള്ളുവറിന്റെ പ്രതിമയില്‍ ഹിന്ദു മക്കള്‍ പാര്‍ട്ടി കാവി ഷാള്‍ പുതയ്ക്കുകയും രുദ്രാക്ഷ മാല അണിയിക്കുകയും ചെയ്തു. ഇതിന് ശേഷം തിരുവള്ളുവറിന് കാവി നിറമാണ് യോജിക്കുന്നതെന്നും പറഞ്ഞ ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവ് അര്‍ജുന്‍ സമ്പത്ത് പോലീസ് പിടിയിലായി. ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവിന്റെ പ്രവൃത്തിയിൽ കടുത്ത പ്രതിഷേധവുമായി വിവിധ തമിഴ് പാര്‍ട്ടികള്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് പോലീസ് അര്‍ജുന്‍ സമ്പത്തിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത ശേഷം തഞ്ചാവൂര്‍ എസ്പി ഓഫീസില്‍ എത്തിച്ച അര്‍ജുനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധമായി തമിഴ്നാട്ടിലുടനീളം തിരുവള്ളുവര്‍ അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.

ഇതിനായുള്ള നിർദ്ദേശം ബിജെപി ഐടി സെല്‍ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കൈമാറിയതായാണ് വിവരം. തിരുവള്ളുവർ രചിച്ച തിരുക്കുറലിന്‍റെ തായ് ഭാഷയിലുള്ള പതിപ്പ് ബാങ്കോക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ തുടങ്ങിയത്. തിരുവള്ളുവര്‍ കാവി നിറമുള്ള വസ്ത്രവും രുദ്രാക്ഷവും ധരിച്ച ചിത്രം ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

അതേസമയം തിരുവള്ളുവറെ ബിജെപി കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെയും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ഒരു വിഭാഗം പേര്‍ ചാണകം ഒഴിച്ചിരുന്നു. ഇതിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.