പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതി: ഹൈക്കോടതി

single-img
6 November 2019

തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി എംപി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണം നടത്തിയത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണാ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആന്റോ ആന്റണിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന് വീണാ ജോര്‍ജ് സമര്‍പ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതുപോലുള്ള പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനാല്‍ ഹർജി ഫയലില്‍ സ്വീകരിക്കുകയാണെന്ന് പറഞ്ഞ കോടതി കേസ് നിലനില്‍ക്കില്ലെന്ന ആന്റോ അന്റണിയുടെ വാദം തള്ളുകയായിരുന്നു.

ആന്റോ ആന്റണിയുടെ ഭാര്യ വിവിധ പെന്തക്കോസ്ത് വേദികളില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചരണം നടത്തുകയും ചെയ്തെന്നും ഇത് പെരുമാറ്റചട്ട ലംഘനങ്ങളാണ് എന്നും വീണാ ജോർജ് ആരോപിച്ചിരുന്നു. കേസ് ഈ മാസം 13ന് കോടതി വീണ്ടും പരിഗണിക്കും.