ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

single-img
6 November 2019

പൊതുമേഖലയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ അതിലെ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള പദ്ധതിക്ക് ആരംഭം കുറിച്ചു. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതിലൂടെ 70000-80000 പേര്‍ സ്വയം പിരിയാൻ അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഈ മാസം നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. നിലവിൽ ജോലി ചെയ്യുന്നതിൽ ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസിന് യോഗ്യതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ആകെ 1.5 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നത്.

ജീവനക്കാർക്ക് വിആര്‍എസ് നല്‍കുന്നതോടെ ശമ്പളയിനത്തില്‍ നല്‍കുന്ന തുകയിൽ നിന്ന് മാത്രം 7000 കോടി ലാഭിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. നഷ്ടത്തിൽ നിന്നും കരകയറാൻ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി എംടിഎന്‍എല്ലും നഷ്ടത്തിലാണ്. ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും 42,000 കോടി നഷ്ടത്തിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രണ്ട് കമ്പനികളെയും ലയിപ്പിച്ച് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.