പോലീസുകാർക്ക് ഇനിമുതല്‍ വർഷത്തിലൊരിക്കൽ ഉല്ലാസ ദിനം; തീരുമാനവുമായി കമ്മീഷണർ യതീഷ് ചന്ദ്ര

single-img
5 November 2019

പോലീസുകാരുടെ മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാനായി തൃശൂർ ജില്ലയിലെ പോലീസുകാർക്ക് വർഷത്തിൽ ഒരിക്കൽ ഉല്ലാസ ദിനം നൽകാനുള്ള തീരുമാനവുമായി സിറ്റി പോലീസ് കമ്മിഷണർ യതീഷ് ചന്ദ്ര. ഈ ആവശ്യവുമായി പോലീസ് അസോസിയേഷൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് കമ്മീഷണറുടെ നടപടി.

പുതിയ തീരുമാന പ്രകാരം സിഐമാരുടെ നിർദ്ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയായോ സേനാംഗങ്ങൾക്ക് ഒരുമിച്ച് പോകാൻ സാധിക്കും. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെയും യൂണിറ്റുകളിലെയും പോലീസുകാർക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാവും.

അതേസമയം സ്റ്റേഷനിലെ ദൈനംദിന ജോലികൾ തടസ്സപ്പെടാത്ത വിധത്തിൽ മുൻകൂട്ടി അനുവാദത്തോടെയാകും ഉല്ലാസ അവധി അനുവദിക്കുക. ഇതിന് വേണ്ടി സിറ്റി പോലീസ് ലിമിറ്റിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാരെ താത്കാലികമായി ഈ സ്റ്റേഷനിൽ നിയോഗിക്കും. ശമ്പളത്തോടുകൂടിയ ലീവായാണ് ഉല്ലാസ ദിന അവധി പരിഗണിക്കുക.

പോലീസുകാർ തമ്മിലുള്ള പരസ്‌പര സഹകരണം വർദ്ധിപ്പിക്കുക, മാനസിക സമ്മർദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉല്ലാസ ദിനം സംഘടിപ്പിക്കുന്നത്.