പ്രതിശ്രുതവരനോടൊപ്പം കിണറിന്റെ വശത്ത് നിന്ന് സെൽഫി; നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ യുവതി മരിച്ചു

single-img
5 November 2019

പ്രതിശ്രുതവരനോടൊപ്പം കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കവേ നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിൽ വീണ യുവതി മരിച്ചു. ചെന്നൈയിൽ പട്ടബിറാമിലുള്ള ഒരു ഫാമിലാണ് കിണറിൽ വീണ് മേഴ്‌സി സ്റ്റെഫി എന്ന യുവതി മരിച്ചത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.

യുവതി തന്റെ പ്രതിശ്രുതവരനായ അപ്പുവുമായി ഫാം സന്ദർശിക്കുകയായിരുന്നു. കാഴ്ചകൾ കണ്ട് നടക്കുന്നതിനിടെ ഫാമിലെ കിണറിന്റെ വശത്ത് നിന്ന് സെൽഫി എടുക്കാൻ മേഴ്സി ആ​ഗ്രഹം പ്രകടിപ്പിച്ചു.

ഇതിനായി കിണറിന്റെ വശത്ത് വച്ചിരുന്ന ​ഗോവണിയിൽ ഇരുവരും സെൽഫി എടുക്കുന്നതിനായി കയറി. തുടർന്ന് സെൽഫി എടുക്കുന്നതിനിടെ ​നിയന്ത്രണം നഷ്ടപ്പെട്ട മേഴ്സി കിണറ്റിൽ വീഴുകയായിരുന്നു.

മേഴ്സിയെ രക്ഷിക്കാൻ ശ്രമിക്കവേ അപ്പുവും കിണറ്റിൽ വീണു. കിണറിൽ നിന്നും അപ്പുവിന്റെ നിലവിളികേട്ട് ഫാമിലെ ജോലിക്കാർ എത്തി യുവാവിനെ രക്ഷിച്ചുവെങ്കിലും മേഴ്സിയെ കണ്ടെത്താനായില്ല. വിവരം അറിയിച്ചതിനെ തുടർന്ന് അ​ഗ്നിശമന സേനാ​ഗംങ്ങൾ സംഭവസ്ഥലത്തെത്തിയെങ്കിലും കിണറിൽ നിന്നും മേഴ്സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

നിലവിൽ യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയലേക്ക് മാറ്റി. പരിക്കിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അടുത്ത വർഷം ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.