ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരി പിടിയില്‍

single-img
5 November 2019

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഐഎസിന് വീണ്ടും തിരിച്ചടി. തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ ബാഗ്ദാദിയുടെ സഹോദരിയും പിടിയിലായി. വടക്കന്‍ സിറിയയിലെ നഗരമായ അസാസില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇവര്‍ പിടിയിലായതെന്ന് തുര്‍ക്കി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അസാസ് നഗരത്തോട് ചേര്‍ന്ന പ്രദേശത്ത് തുര്‍ക്കി സൈന്യം നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് പിടിയിലായത്. ഇവരുടെ ഭര്‍ത്താവിനെയും മരുമകളേയും പിടികൂടിയിട്ടുണ്ട്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ തുര്‍ക്കി സൈന്യം ചോദ്യം ചെയ്യുകയാണ്.