അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ,സംസ്കൃതം പഠിക്കാൻ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി സെന്‍കുമാര്‍

single-img
5 November 2019

തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ കീഴിലുള്ള എയ്ഡഡ് ഹൈസ്‌കൂളുകളിലേക്കും യുപി സ്‌കൂളുകളിലേക്കും അധ്യാപകരെ വിളിച്ചുകൊണ്ട് പുറത്തിറക്കിയ വിഞ്ജാപനം തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ടിപി സെന്‍കുമാര്‍ പ്രചരിപ്പിക്കുകയായിരുന്നു.

‘അറബി പഠിച്ചാലേ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാന്‍ പാടില്ല’ എന്ന തലവാചകത്തിലാണ് തന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷെ ഈ പോസ്റ്റ്‌ ബോധപൂര്‍വ്വം വര്‍ഗീയ വിഷം കുത്തിവയ്ക്കാന്‍ ലക്ഷ്യമിട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.

ശരിക്ക് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. വിജ്ഞാപനത്തില്‍ മലയാളം, കണക്ക്, സയന്‍സ്, മ്യൂസിക് തുടങ്ങി പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. അതിന്റെ കൂടെ അറബി അധ്യാപകന്റെ ഒഴിവും പറയുന്നുണ്ട്.

അറബി പഠിച്ചാലേ അമ്പലത്തിൽ ഇനി ജോലി കിട്ടൂ.സംസ്കൃതം പഠിക്കാൻ പാടില്ല.

Posted by Dr TP Senkumar on Tuesday, November 5, 2019

ഈ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുന്‍ ഡിജിപി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

ക്ഷേത്രങ്ങളിലേക്കുള്ള ജോലിക്കുള്ള അപേക്ഷയല്ല, സ്‌കൂളിലെ അധ്യാപകനുള്ള അപേക്ഷയാണ്. ആ വിവരം കൃത്യമായി ആ വിജ്ഞാപനത്തില്‍ എഴുതിയിട്ടുണ്ട്. സ്‌കൂളുകളില്‍ എല്ലാ ഭാഷയും പഠിപ്പിക്കും.. ഫേസ്ബുക്കില്‍ – സെന്‍കുമാറിന്റെ പോസ്റ്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.