ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിൽ

single-img
5 November 2019

അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള സ്ഥാനമൊഴിഞ്ഞ ഒഴിവിൽ ബിജെപിയുടെ കേരള അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം പരിഗണിക്കുന്നതായി സൂചന. നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളത് എന്നാണ് ലഭ്യമാകുന്ന വിവരം.

പരിഗണയിലുള്ള പട്ടികയിൽ നിന്നും കെ സുരേന്ദ്രന്‍ അധ്യക്ഷനാവുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല എങ്കിലും ഒരു വനിത അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ തമിളിശൈ സൗന്ദര്യരാജനാണ് സംസ്ഥാന അധ്യക്ഷ പദത്തില്‍ ഇതുവരെ ഉണ്ടായിരുന്നത്.

അടുത്തിടെ സൗന്ദര്യരാജൻ തെലങ്കാന ഗവര്‍ണര്‍ ആയതോടെ ബിജെപിയുടെ അധ്യക്ഷ പദത്തില്‍ ഒരു സംസ്ഥാനങ്ങളിലും വനിതകളില്ല. ഇതും ശോഭാ സുരേന്ദ്രന് അനുകൂലമായ ഘടകമാണ്. മഹാരാഷ്ട്രയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി, അയോധ്യ കേസിലെ സുപ്രീം കോടതി വിധി എന്നിവയ്ക്ക് ശേഷമായിരിക്കും കേരളത്തിലെ അധ്യക്ഷപദം സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുക.