ആര്‍സിഇപി കരാർ: പിന്മാറാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് അമൂല്‍

single-img
5 November 2019

ആസിയാൻ രാജ്യങ്ങളുമായുള്ള ആര്‍സിഇപി കരാറില്‍ നിന്നും ഇന്ത്യ പിന്മാറാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് പ്രമുഖ ഡയറി ബ്രാന്‍ഡായ അമൂല്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെതീരുമാനം രാജ്യത്തെ ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10 കോടി കുടുംബങ്ങള്‍ക്ക് സഹായകരമാകുമെന്ന് അമൂൽ ട്വിറ്ററിൽ പറഞ്ഞു.

ബാങ്കോക്കില്‍ ഇന്നലെ നടന്ന അവസാന ഘട്ട ചര്‍ച്ചകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ നിന്നും പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്.

കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ സുപ്രധാന വിഷയങ്ങളും ആശങ്കകളും പരിഗണിക്കുന്നതില്‍ മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ പിന്‍മാറുകയാണെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യ ഒഴികെയുളള 15 രാജ്യങ്ങള്‍ ചേര്‍ന്ന് കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.