ചില പുകമറകൾ നിലനിൽക്കുന്നു, ഇത് നീക്കണം; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

single-img
5 November 2019

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ തണ്ടർബോൾട്ടുമായി ഉണ്ടായെന്ന് പറയുന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. ഏറ്റുമുട്ടലിൽ ചില പുകമറകൾ നിലനിൽക്കുന്നുണ്ടെന്നും ഇത് നീക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മാത്രമല്ല, കോടതിയിൽ നിന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മഞ്ചിക്കണ്ടി വനമേഖലയിൽ നടന്നത് കസ്റ്റഡി കൊലപാതകമാണെന്നും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ബന്ധുക്കളായ ഹർജിക്കാർ ആവശ്യപ്പെട്ടു.നാലുപേർ കൊല്ലപ്പെട്ടതിൽ ഇതുവരെ രണ്ട് പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളു.

ഏറ്റുമുട്ടലിൽ പോലീസ് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖ പാലിച്ചില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. സംസ്ക്കരിച്ചില്ല എങ്കിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കുമോയെന്ന കോടതിയുടെ ചോദ്യത്തിന് അഞ്ച് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നു സർക്കാർ അഭിഭാഷകൻ മറുപടി പറഞ്ഞു. മാത്രമല്ല, മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ അറിയിച്ചു. തുടർന്ന് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അടക്കമുള്ള രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു.