എഴുന്നള്ളിപ്പിന് എത്തിച്ച തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന ഇടഞ്ഞോടി; ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു

single-img
5 November 2019

കോട്ടയത്ത് ഇടഞ്ഞോടിയ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ഒന്നാം പാപ്പാനായ വിക്രമാണ് കൊല്ലപ്പെട്ടത്. മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിന്റെ എഴുന്നള്ളത്തിന് ശേഷം തളയ്ക്കാനായി കൊണ്ടു വരുന്നതിനിടെ ആന ഇടയുകയായിരുന്നു.

എഴുന്നള്ളിപ്പിനായി വരുന്ന വഴിയിലും ആന ഇടഞ്ഞിരുന്നു. ആ സമയത്തെല്ലാം പാപ്പാന്മാര്‍ ആനയെ തളച്ചു. ഇടഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബസിന് നേരെയും ആനയുടെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ബസിന്റെ മുന്നിലെ ചില്ല് പൂര്‍ണമായും തകര്‍ത്തു.

വീണ്ടും ആന ഇടഇടഞ്ഞപ്പോള്‍ തളയ്ക്കാന്‍ ആനപ്പുറത്ത് നിന്ന് ചങ്ങലയില്‍ തൂങ്ങി താഴേയ്ക്ക് ഇറങ്ങുന്നതിനിടെ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനിടയില്‍വെച്ച് പാപ്പാനായ വിക്രമിനെ ആന അമര്‍ത്തുകയായിരുന്നു. വിക്രം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇപ്പോഴും ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് വിവരം. മദപ്പാടുണ്ടായിരുന്ന ആനയെയാണ് എഴുന്നള്ളിപ്പിന് എത്തിച്ചതെന്നാണ് സൂചന.