അമ്പലപ്പുഴ പാല്‍പ്പായസം പേരുമാറ്റി ഗോപാലകഷായം ആക്കാനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു

single-img
5 November 2019

ആലപ്പുഴ: പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തില്‍ തര്‍ക്കം തുടരുന്നു. ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ക്ഷേത്ര ഭരണ സമിതിയും ചരിത്രകാരന്‍മാരും പ്രതിഷേധവു മായെത്തി. എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു. അത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പദ്മകുമാര്‍ പറഞ്ഞു.

ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും അമ്പലപ്പുഴ പാല്‍പ്പായസം തയ്യാറാക്കി വില്‍ക്കുന്നത് ദേവസ്വം ബോര്‍ഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാന്‍ അമ്പലപ്പുഴ പാല്‍പ്പായസം, ഗോപാല കഷായം എന്നീ പേരുകളില്‍ പായസത്തിന് പേറ്റന്റ് നേടാനാണ് ് ശ്രമം. ചരിത്ര രേഖകളില്‍ ഗോപാല കഷായം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വാദിച്ചു.

എന്നാല്‍ മറ്റൊരു പേരും പായസത്തിന്റെ പേരിനൊപ്പം ചേര്‍ക്കേണ്ടെന്ന നിലപാടിലാണ് ക്ഷേത്ര ഭരണ സമിതി. ഇക്കാര്യം വ്യക്തമാക്കി ദേവസ്വം മന്ത്രിക്കും ഓംബുഡ്‌സ്മാനും ഭരണ സമിതി പരാതി നല്‍കിയിട്ടുണ്ട്.