കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച പ്രതിഷേധത്തിന് കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം

single-img
5 November 2019

കേന്ദ്ര സർക്കാരിന്റെ വിവിധ നടപടികൾക്കെതിരെ യോജിച്ച പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നു. ഇതിനായി പാര്‍ലമന്റെിലും പുറത്തും സംയുക്തമായി നീങ്ങാൻ ഇന്നലെ കോണ്‍ഗ്രസ് വിളിച്ച വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യം, ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുതലായ വിഷയങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അടുത്ത 10 ദിവസത്തേക്ക് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.

യോഗത്തിൽ ഇടതുപക്ഷം ഉൾപ്പെടെ 13 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എന്നാൽ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ നേതാക്കള്‍ വിട്ടുനിന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും എന്‍സിപി നേതാവ് ശരദ് പവാറും മഹാരാഷ്ട്രയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നതിനാല്‍ പങ്കെടുത്തില്ല.അതേപോലെ തന്നെ ജമ്മു-കാശ്മീറിലേ നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ നാഷനല്‍ കോണ്‍ഫറന്‍സിന് എത്താന്‍ സാധിച്ചില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.പാർട്ടിയിൽ നിന്നും അഹ്മദ് പട്ടേല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, ആര്‍. ശുക്ല എന്നിവരും സിപിഎമ്മില്‍ നിന്ന് ടി ആര്‍ രംഗരാജന്‍, സിപിഐ നേതാക്കളായ ഡ. രാജ, ബിനോയ് വിശ്വം, ഡിഎംകെയില്‍ നിന്ന് ടിആര്‍ ബാലു, മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസില്‍ നിന്ന് ജോസ് കെ മാണി, ജെഡിഎസില്‍ നിന്ന് ഡി കുപേന്ദ്ര റെഡ്ഡി എന്നിവരും പങ്കെടുത്തു.

എല്‍ജെഡിയെ പ്രതിനിധീകരിച്ചുകൊണ്ട് ശരദ് യാദവ് , ആര്‍ജെഡിയില്‍ നിന്ന് മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നദീമുല്‍ ഹഖ്, ആര്‍എല്‍ഡിയില്‍ നിന്ന് അജിത് സിങ്, ആര്‍എല്‍എസ്പിയില്‍ നിന്ന് ഉപേന്ദ്ര കുശ്‌വാഹ, ആര്‍എസ്പിയില്‍ നിന്ന് ശത്രുജിത് സിങ് എന്നിവരുമാണ് യോഗത്തിൽ പങ്കെടുത്തത്.

യോഗ ശേഷം നടന്ന സംയുക്ത വാര്‍ത്തസമ്മേളനത്തില്‍നിന്ന് ഇടത് നേതാക്കള്‍ വിട്ടുനിന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തിനുശേഷം രാജ്യത്തെ ചെറുതും വലുതുമായ വ്യാപാര-വ്യവസായ സംരംഭങ്ങള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിലും സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന് ഗുലാംനബി ആസാദ് ചൂണ്ടിക്കാട്ടി.