സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐപിഎസ് രചിച്ച ‘നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു; പുസ്തകത്തിന്റെ അറബിക് പതിപ്പും പുറത്തിറങ്ങി

single-img
5 November 2019

ഐപിഎസ് ഓഫീസറും മുൻ തിരുവനന്തപുരം പോലീസ് കമ്മീഷണറുമായിരുന്നു സഞ്ജയ് കുമാര്‍ ഗുരുദിന്‍ രചിച്ച പുസ്തകം ഏറെ ജനശ്രദ്ധ ആകർഷിക്കുന്നു. അദ്ദേഹത്തിന്റെ ‘നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ’ എന്ന പുസ്തകമാണ് ചര്‍ച്ചയാകുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന കാലത്തെ സ്ഥിതിയാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുസ്തകത്തിന്റെ അറബിക് പതിപ്പും പുറത്തിറങ്ങി. ഷാർജയിൽ പ്രശസ്ത സിനിമാ സംവിധായകൻ എം എ നിഷാദ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വച്ച് പുസ്തകത്തിന്റെ പകർപ്പ് അന്താരാഷ്ട്ര ബാലാവകാശ ഉപദേഷ്ട്ടാവായ മറിയം എഹ്‌സാനിക്കു നൽകികൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ എം കെ മുനീർ അധ്യക്ഷ പ്രസംഗം നടത്തി.

സഞ്ജയുടെ ഈ പുസ്‌തകം ഇതിനോടകം തന്നെ മൂന്നു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു കഴിഞ്ഞു. ഇംഗ്ലീഷിലാണാദ്യം ‘ഈസ് യുവർ ചൈൽഡ് സേഫ്’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമാണ് ‘ഈസ് യുവര്‍ ചൈല്‍ഡ് സേഫ്.’ സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം നിരവധി വേദികളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടറിനു പിറകിലിരിക്കുന്ന കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന വിഷയം പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.

മക്കൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവും തീർച്ചയായും വായിക്കേണ്ട ഈ പുസ്തകം കുട്ടികളുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കാനുള്ള വെറുമൊരു ഗൈഡ് അല്ല. മറിച്ച്, ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഓരോ ഘട്ടത്തിലും ഏതൊക്കെ തരത്തിലുള്ള ചതിക്കുഴികളുമായാണ് കുട്ടികളെ കാത്തു നിൽക്കുന്നതെന്നതിന്റെ സൂക്ഷ്മമായ വിവരണങ്ങളും നൽകുന്നു.

പീഡനത്തിനിരയാകുന്ന കുട്ടിയിൽ പ്രകടമാകുന്ന മാറ്റങ്ങളെക്കുറിച്ചും, മുൻകരുതലുകൾക്ക് തയ്യാറാകാനുള്ള മാർഗങ്ങളെക്കുറിച്ചും ഗുരുദിൻ പറയുന്നുണ്ട്. പന്ത്രണ്ട് വർഷത്തോളം നീണ്ട തന്റെ പോലീസ് ജീവിതത്തിൽ താൻ കണ്ടുമുട്ടിയ ഇരകളുടെ അനുഭവനേർസാക്ഷ്യം ഓരോ വരിയിലും പ്രതിപാദിക്കുന്നു.