രേഖകളില്‍ പറയുന്നത് ടിപ്പര്‍ ലോറിയുടെ ഉടമ; വിധവാ പെൻഷനും തടഞ്ഞു; തെറ്റ് പറ്റിയത് മോട്ടർ വാഹന വകുപ്പിന്റെ സൈറ്റിൽ നിന്നും

single-img
4 November 2019

ജീവിച്ചിരുന്നപ്പോൾ കേവലം സൈക്കിൾ പോലും സ്വന്തമായി ഇല്ലാതിരുന്ന അമ്മ മരിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ ടിപ്പർ ലോറി ഉടമയെന്ന് രേഖ. ഇത് കണ്ട് ഞെട്ടിയത് മക്കളാണ്. കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്ത് 15–ാം വാർഡിൽ കുഴിമറ്റം പ്ലാവേലിൽ അന്നമ്മക്ക് (60) പഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ ഉൾപ്പെടെ ലഭിച്ചിരുന്നു. ഇവർ 2018 ഓഗസ്റ്റ് 20ന് മരിച്ചതോടെ പെൻഷൻ നിലച്ചു.

തുടർന്ന് മക്കൾ പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റും വാങ്ങി. പക്ഷെ ടിപ്പർ ലോറിയുടെ ഉടമ ആയതിനാൽ വിധവാ പെൻഷൻ തടഞ്ഞതായാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇത് നിയമപരമായി കുരുക്കാകുമോ എന്ന പേടിയിലാണ് ഇവർ.

തങ്ങൾ സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ സൈറ്റിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചതെന്നും ഇതിലെ പിശകാണ് തെറ്റായ രേഖ നൽകുന്നതിന് കാരണമായതെന്നും പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ ആർ സുനിൽകുമാർ പറയുന്നു. സമാനമായി പെൻഷന് അർഹതയുള്ള 18 പേരുടെ രേഖകളിൽ വാഹനം സ്വന്തമെന്ന പിശക് കടന്നു കൂടിയതായി കണ്ടെത്തി.

ഇതിൽ ഉൾപ്പെട്ടവർക്ക് പെൻഷൻ മുടങ്ങാതിരിക്കാൻ ഈ പിശക് തിരുത്തണമെന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ വഴി അപേക്ഷ നൽകി. അതേസമയം, അധികൃതർ തെറ്റായ വിധത്തിൽ നൽകിയ രേഖകൾ തിരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു അറിയിച്ചു.