വാളയാർ കേസിൽ പ്രതികള്‍ സിപിഎമ്മുകാരല്ല; രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല: എംബി രാജേഷ്

single-img
3 November 2019

വാളയാറിൽ ദളിത് പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പ്രതികള്‍ സിപിഎമ്മുകാരല്ലെന്നും എംബി രാജേഷ് . നേരത്തെ കുട്ടികളുടെ അമ്മയെ കൊണ്ട് അത്തരത്തില്‍ പറയിപ്പിച്ചതാണെന്നും പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല, വിഷയത്തിൽ പാർട്ടിയെ പഴിചാരുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും കോടതിവിധിയില്‍ പോലും അങ്ങനെയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുന്നല ശ്രീകുമാറിന് ഒപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി തങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ വിശ്വാസമുണ്ടെന്നും മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും ഒരു സംഘടനയുടെ നേതാവെന്ന നിലയിലാണ് അവരോടൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നും പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

നിലവിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യത്തില്‍ സര്‍ക്കാരിന് അന്തിമ തീരുമാനമെടുക്കാനാകില്ലെന്നും, അതേസമയം കോടതിയില്‍ മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.