തെറ്റു നിറഞ്ഞതും അപൂര്‍ണവും; കേന്ദ്ര സർക്കാർ പുറത്തിറക്കിയ ജമ്മു കാശ്മീരിന്‍റെ പുതിയ ഭൂപടം തള്ളി പാകിസ്താൻ

single-img
3 November 2019

പ്രത്യേകാധികാരം കേന്ദ്ര സർക്കാർ നീക്കം ചെയ്ത ശേഷം ജമ്മു കാശ്മീര്‍ വിഭജിച്ച് രൂപീകരിച്ച ജമ്മു കാശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഭൂപടം അംഗീകരിക്കാനാവില്ല എന്ന് പാകിസ്താൻ. പുതുതായി ഇന്ത്യ പ്രസിദ്ധീകരിച്ച പുതിയ ഭൂപടം തള്ളുന്നു. ജമ്മു കാശ്മീരിനെക്കുറിച്ചുള്ള ഐക്യരാഷ്ട്ര പ്രമേയത്തിനെതിരാണ് ഇന്ത്യയുടെ ഈ നീക്കമെന്നും പാക് ഔദ്യോഗിക വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടം നിയമവിരുദ്ധവും തെറ്റു നിറഞ്ഞതും അപൂര്‍ണവും ആണെന്ന് പാകിസ്താൻ ആരോപിക്കുന്നു. സംസ്ഥാനത്തുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, ആസാദ് ജമ്മു കാശ്മീര്‍ പ്രദേശങ്ങള്‍ ഇന്ത്യയുടെ പരിധിയിലാണെന്നാണ് ഭൂപടം പറയുന്നത്. എന്നാൽ ഇത് ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിനെതിരാണ്. സംസ്ഥാനത്തെ പ്രശ്നബാധിതനില മാറ്റുന്നതിന് പര്യാപ്തമല്ല ഇന്ത്യ എടുക്കുന്ന നടപടികള്‍.

ഇന്ത്യന്‍ സർക്കാർ കൈക്കൊള്ളുന്ന ഇത്തരം നടപടികളും നിലപാടുകളും ജമ്മു കാശ്മീരിലെ ജനങ്ങളുടെ ആത്മബോധത്തെയും സ്വയംനിശ്ചയാധികാരത്തെയും അളക്കാന്‍ പര്യാപ്തമാവില്ലെന്നും അവിടുത്തെ ജനങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്ന നിലപാട് തങ്ങള്‍ തുടരുമെന്നും പാകിസ്താൻ വ്യക്തമാക്കി.