കര്‍ണാടകയിലെ കോണ്‍- ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയത് അമിത് ഷാ; ശബ്ദരേഖയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

single-img
3 November 2019

കര്‍ണാടകയിലെ കോണ്‍- ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയത് അമിത് ഷായാണെന്ന് ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറയുന്നതിന്റെ ശബ്ദരേഖ നാളെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. കർണാടകയിൽ ബിജെപി നടത്തിയ ‘ഓപ്പറേഷന്‍ കമല’യുടെ തെളിവായി ഇത് സമര്‍പ്പിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഇനി ഞങ്ങൾ തെളിവുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുകയാണ്. അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കണമെന്നും അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നും ഗവർണർ മുഖേന കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപിയ്ക്ക് അധികാരം ലഭിക്കുന്നതിനായി കോണ്‍ഗ്രസില്‍നിന്നും ജെഡിഎസില്‍ നിന്നുമെത്തിയ എംഎല്‍എമാരോടു മാന്യമായി ഇടപെടണമെന്നും ആ സർക്കാരിനെ വീഴ്ത്താൻ നീക്കം നടത്തിയത് ദേശീയ അധ്യക്ഷനാണെന്നും യെദ്യൂരപ്പ പറയുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.