അതിരില്ലാത്ത ക്രൂരത: നിർധനയുവതിയുടെ വിവാഹത്തിനായി ഒരുക്കിയ ഭക്ഷണത്തിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ച് സാമൂഹ്യ വിരുദ്ധർ

single-img
3 November 2019

കണ്ണൂർ: നിർധനയായ യുവതിയുടെ വിവാഹത്തിനു സദ്യയുണ്ടാക്കാൻ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചു സാമൂഹികവിരുദ്ധരുടെ ക്രൂരവിനോദം. പേരാവൂർ മേൽ മുരിങ്ങോടി ആനക്കുഴിയിലെ നാലുസെന്റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹത്തിന് വിരുന്നൊരുക്കാൻ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണു വെള്ളിയാഴ്ച രാത്രി നശിപ്പിച്ചത്. ശനിയാഴ്ച നടക്കേണ്ട വിവാഹമാണിത്.

ആനക്കുഴി സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയിൽ ഒഴിക്കുകയും ചെയ്തു.പാചകത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ച ചാക്കുകൾ തുളച്ച ശേഷമാണു മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്കു വെള്ളം എടുത്തിരുന്ന സമീപത്തെ നിരപ്പേൽ തങ്കച്ചന്റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു.

കല്യാണ ഒരുക്കങ്ങൾക്കായി നാട്ടുകാർ വെള്ളിയാഴ്ച രാത്രി ഇവിടെ ഒത്തുകൂടിയിരുന്നു. അവർ പിര‍ിഞ്ഞ ശേഷമാണ് അക്രമം. നാട്ടുകാർ ചേർന്ന് ഒരുക്കങ്ങൾ വീണ്ടും പൂർത്തിയാക്കി.