ജനനേന്ദ്രിയത്തിൽ അസഹനീയമായ വേദന; പരിശോധനയിൽ പുറത്തെടുത്തത് 7 സെന്റിമീറ്റർ നീളമുള്ള അട്ടയെ

single-img
3 November 2019

ആലപ്പുഴ: അസഹനീയമായ വേദനയുമായെത്തിയ യുവാവിന്റെ ജനനേന്ദ്രിയത്തിൽ നിന്നും കണ്ടെടുത്തത് ഏഴ് സെന്റിമീറ്റർ നീളമുള്ള അട്ടയെ. കഴിഞ്ഞ ദിവസം അസഹനീയമായ വേദനയോടെ ജനറൽ ആശുപത്രിയിൽ എത്തിയ ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ നിന്നാണ്  7 സെന്റിമീറ്റർ നീളമുള്ള പോത്തട്ടയെ പുറത്തെടുത്തത്.

ഡോ.പ്രിയദർശന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യാതെ തന്നെ അട്ടയെ പുറത്തെടുത്തത്. യുവാവ് തോട്ടിൽ ഇറങ്ങിയപ്പോഴാണ് അട്ട കയറിയത് എന്ന് ഡോക്ടർ പറഞ്ഞു.

പൊതുവേ മലമ്പ്രദേശങ്ങളിലും ചില ചതുപ്പ് നിലങ്ങളിലുമാണ് ഇത്തരം അട്ടകളെ കാണാൻ സാധിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. നൂൽ വലുപ്പത്തിൽ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളിൽ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. അട്ട കൂടുതൽ ഉള്ളിലേക്കു കയറാതിരിക്കാൻ വേണ്ട മുൻ കരുതലുകൾ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നു വിദഗ്ധ ചികിത്സ നൽകി യുവാവിനെ വിട്ടയച്ചു.