സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ; സര്‍ക്കാര്‍ പരിശോധിക്കും; നടപടി എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍

single-img
2 November 2019

കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകർക്കെതിരെ യുഎപിഎ ചുമത്തിയത് സംസ്ഥാന സർക്കാർ പരിശോധിക്കും. യുഎപിഎ ചുമത്തിയതിനെതിരെ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഒരേപോലെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.

പോലീസ് നടപടി യുഎപിഎ സമിതി പരിശോധിച്ച ശേഷമാകും മുന്നോട്ടുള്ള പ്രോസിക്യൂഷന് അനുമതി നൽകുക. സംസ്ഥാനത്തെ മുൻപുണ്ടായിരുന്ന യുഡിഎഫ് സർക്കാ‍ർ ചുമത്തിയ ആറ് യുഎപിഎ കേസുകൾ എൽഡിഎഫ് സർക്കാർ റദ്ദാക്കിയിരുന്നു. മാത്രമല്ല 7 പേർക്ക് എതിരായ യുഎപിഎക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നുമില്ല.

കേരളത്തിൽ ഇനിയും ചില പോലീസുകാര്‍ക്ക് യുഎപിഎ കരിനിയമമാണെന്ന് ബോധ്യപ്പെട്ടിട്ടില്ല എന്ന് സിപിഎം നേതാവ് എംഎ ബേബി പറഞ്ഞിരുന്നു. ഇടത് മുന്നണിയിലെ ഘടക കക്ഷിയായ സിപിഐയുടെ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രനും നടപടിയെ ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് ഉള്ള സമയത്ത് തന്നെ യുഎപിഎ ചുമത്തിയത് സംശയാസ്പദമാണെന്നും യുഎപിഎ കരി നിയമം തന്നെ എന്ന നിലപാടിൽ മാറ്റമില്ലെന്നും ആയിരുന്നു കാനത്തിന്റെ വിമർശനം.