കൂടത്തായി: ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി

single-img
2 November 2019

കൂടത്തായി കൊലപാതക പരമ്പരകളിൽ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. റോയ് തോമസിനെ കൊലചെയ്ത കേസിൽ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് താമരശ്ശേരി കോടതി നീട്ടിയത്.

നവംബർ 16 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. അതേസമയം കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയെ കാണാൻ പ്രജികുമാറിന് കോടതി അനുമതി നൽകി. ഈ കേസിൽ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രേറ്റാണ് രഹസ്യമൊഴിയെടുക്കുക.

സ്വത്തുക്കൾ തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ കേസിൽ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും. ഇതിനിടയിൽ ജോളിയെ വടകര എസ് പി ഓഫീസിൽ വീണ്ടും ചോദ്യം ചെയ്തു.

സിലിയുടെ മകൾ ആൽഫൈനെ കൊലചെയ്ത കേസിൽ പോലീസ് കസ്റ്റഡിയിലാണ് ജോളിയിപ്പോൾ. ജോളിയ്ക്ക് കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ട് എന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ കോടതിയിൽ ബോധിപ്പിച്ചിരുന്നു.