യെദ്യൂരപ്പ സര്‍ക്കാരിനെ പുറത്താക്കുക, അമിത് ഷായെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുക; ആവശ്യങ്ങളുമായി രാഷ്ട്രപതിയെ സമീപിച്ച് കോണ്‍ഗ്രസ്

single-img
2 November 2019

കര്‍ണാടകയിൽ അധികാരത്തിലുള്ള യെദ്യൂരപ്പ സര്‍ക്കാരിനെ പുറത്താക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ സമീപിച്ചു. കർണാടക ഗവര്‍ണര്‍ വഴിയാണ് കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം സമര്‍പ്പിച്ചത്. രാജ്യത്തിന്റെ ജനാധിപത്യ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് ഇതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കര്‍ണാടകത്തില്‍ അധികാരത്തിലുണ്ടായിരുന്ന മുൻ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷായാണെന്ന് നിലവിലെ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്നാണ് കോണ്‍ഗ്രസ് ആവശ്യങ്ങളുമായി രാഷ്ട്രപതിയെ സമീപിച്ചത്.

കർണാടകയിൽ മുൻപുണ്ടായിരുന്ന കോൺ- ജെഡിഎസ് സഖ്യ സർക്കാരിലെ എംഎല്‍എമാരോടു മാന്യമായി ഇടപെടണമെന്നും, ദേശീയാധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു എന്നും യദ്യൂരപ്പ ശബ്ദ രേഖയില്‍ പറഞ്ഞിരുന്നു. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍നിന്ന് 17 എംഎല്‍എമാര്‍ രാജി സമർപ്പിക്കുകയും തുടർന്ന് ബിജെപിയിലേക്ക് എത്തുകയും ചെയ്തതിനാലാണ് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തിയത്.