തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം; വെടിവെപ്പ്

single-img
2 November 2019

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. വാഹനങ്ങളുടെ പാര്‍ക്കിങിനെ ചൊല്ലി അഭിഭാഷകരും പോലീസും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് കോടതിപരിസരത്ത് വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുണ്ട്.

സംഘർഷത്തിനിടെ അഭിഭാഷകർ കോടതി വളപ്പില്‍ പോലീസ് വാഹനത്തിനു തീയിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ അഭിഭാഷകന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഭാഷകന്റെ കാറില്‍ പോലീസ് വാഹനം പിടിച്ചപ്പോൾ അത് ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. എന്നാല്‍ ഇതുവരെ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല

അതേസമയം കോടതി പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ക്രമേണ തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലേക്കും പടര്‍ന്നു. ഹൈക്കോടതിയുടെ പരിസരത്തും ഒരു വാഹനം അഗ്‌നിക്കിരയാക്കി.