ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം അണ്‍ പാര്‍ലിമെന്‍ററി; ഇതൊക്കെ വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല: ബാലചന്ദ്ര മേനോൻ

single-img
2 November 2019

കഴിഞ്ഞ ദിവസം പാലക്കാട് കോളേജിൽ നടന്ന ചടങ്ങിന്റെ വേദിയിൽ നടന്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്‍ററി എന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. സിനിമകളിൽ അഭിനയിക്കുന്ന ആ ചെറുപ്പക്കാരനെ എല്ലാവരുമറിയാന്‍ ഈ സംഭവം വഴിവെച്ചുവെന്നും അദ്ദഹം പറഞ്ഞു.

ബഹ്‌റിൻ സന്ദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ മാധ്യമ പ്രവര്‍ത്തകുമായുളള മുഖാമുഖത്തില്‍ സംസാരിക്കവെയാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ഒരു വേദിയിൽ ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല.

“ഇതെല്ലാം വീട്ടില്‍ കാണിക്കുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാൽ ശ്രോതാക്കളുടെ മുമ്പില്‍ ഇത് പാടുണ്ടോയെന്ന് അദ്ദഹം ചോദിച്ചു. എവിടെ ആയാലും പരിപാടി കേള്‍ക്കാന്‍ വരുന്നവരോട് ബഹുമാനം വേണം. പൊതുവേദിയില്‍ കാണിക്കേണ്ട കാര്യമല്ല ഇത് “- അദ്ദേഹം പറഞ്ഞു.

സിനിമയിൽ ആദ്യകാലങ്ങളിൽ മദ്രാസിലായിരിക്കുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. നമ്മുടെ ജാതകത്തില്‍ പട്ടിണി കിടക്കാന്‍ യോഗമുണ്ടെങ്കില്‍ അതങ്ങനെ സംഭവിക്കും. എന്നാൽ പട്ടിണി തന്നെ തളര്‍ത്തിയിട്ടില്ല. പക്ഷെ താന്‍ പട്ടിണി കിടന്നുവെന്ന് പറഞ്ഞ് സഹതാപം നേടാന്‍ നോക്കുന്നത് ശരിയല്ല.

ഒരാൾ പട്ടിണി കിടക്കുന്നതിന് സിനിമയുമായി എന്ത് ബന്ധമാണുളളത്. ബിനീഷ് ബാസ്റ്റിൻ വിഷയത്തിൽ സംഭവത്തിന്‍റെയും അദ്ദേഹം സംവിധായകനെ പുകഴ്ത്തി പറയുന്നതിന്‍റെയും രണ്ട് വീഡിയോകള്‍ കണ്ടു. ഇവ കണ്ടിട്ട് ഈ വിവാദങ്ങള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തീര്‍ച്ചയായും ഒരു സംവിധായകനാണ്. മറ്റേ ആൾ ആര്‍ട്ടിസ്റ്റാണെന്ന് പറയുന്നു. തനിക്ക് പരിചയമില്ല.- ബാലചന്ദ്ര മേനോൻ പറഞ്ഞു.

ഈ വിഷയത്തിന് ഇത്രയും പ്രാധാന്യം കിട്ടിയത് ‘മേനോന്‍’ എന്ന പ്രയോഗത്തിലൂടെയാണ്. അത് പിന്നീട് വ്യാഖ്യാനിച്ചുണ്ടാക്കിയതാണ്. രണ്ട് മൂന്ന് തവണയാണ് താന്‍ മേനോനല്ല എന്ന് നടന്‍ ആവര്‍ത്തിക്കുന്നത്. എന്താണ് ഇതിന്റെ പ്രാധാന്യം. പെട്ടെന്ന് ശ്രദ്ധ നേടാനുളള ശ്രമമായിട്ടാണ് തോന്നുന്നത്. അതേസമയം വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

ആ സമയമാണ് ഇത് കിട്ടിയത്. ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന് പറയാം എന്ന് മാത്രമേ ഉള്ളൂ. എല്ലാവിധ പ്രായോഗിക കാര്യങ്ങള്‍ക്കും ജാതി യാഥാര്‍ത്ഥ്യമാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് പോലും ജാതി നോക്കിയാണ്.അതേസമയം ‘മേനോന്‍’ എന്ന് പേരിലുളളത് കൊണ്ട് തനിക്ക് സിനിമാ രംഗത്ത് പരിഗണന കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.