സിഎസ് ചന്ദ്രിക പിണറായിയുടെ മാനസപുത്രി; അങ്ങനെ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല: ബി ഗോപാലകൃഷ്ണന്‍

single-img
2 November 2019

ഡോ. ജോര്‍ജ് ഓണക്കൂറുമായി വേദി പങ്കിടാന്‍ ഇല്ലെന്ന എഴുത്തുകാരി സി എസ് ചന്ദ്രികയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. ജോര്‍ജ് ഓണക്കൂറും ചന്ദ്രികയും തമ്മില്‍ രാവും പകലും – സൂര്യനും ചന്ദ്രനും തമ്മിലുള്ള വിത്യാസമുണ്ട്. സാഹിത്യസ്ഥാനത്തിനുള്ള സ്വാര്‍ത്ഥതയുടെ മോഹമാണ് ചന്ദികയുടെ വാക്കുകളിലെ ഇംഗിതം.

മുഖ്യമന്ത്രി പിണറായിയുടെ മാനസപുത്രിക്ക് കുമ്മനത്തിനോട് വിദ്വേഷം തോന്നുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് കുമ്മനത്തിന്റെ നിറത്തിനോടോ അതൊ സഹജീവി സ്നേഹത്തോടൊ ചന്ദ്രികക്ക് വിരോധം? വനിതാ മതിലില്‍ കയറിനിന്ന് വിളിച്ച നവോത്ഥാന മുദ്രാവാക്യം വാളയാറില്‍ മുഴങ്ങാതെ പോയത് ആരുടെ ഭാഗ്യം?

അനന്തതയില്‍ അലിഞ്ഞ് പോയ കുട്ടികളുടെ ആത്മാവിന് ആശ്വാസമായിട്ടുണ്ടാകും ഇത്തരം ഹിപ്പോക്രാറ്റുകളുടെ ശബ്ദം കേള്‍ക്കാതെ പോയതില്‍ എന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം
വാളയാര്‍ കേസുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരം ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യുകയും കുമ്മനത്തിന് ഉമ്മ നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ പിന്നാലെയാണ് ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിയില്‍ ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്ന് സംഘാടകരെ അറിയിച്ച കാര്യം സി എസ് ചന്ദ്രിക ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയത്.