പിടിമുറുക്കി ജോസഫ്; കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു

single-img
1 November 2019

പാർട്ടിയിൽ സ്ഥാനം അനിഷേധ്യമാക്കിക്കൊണ്ട് പി ജെ ജോസഫിനെ കേരള കോണ്‍ഗ്രസ് എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സി എഫ് തോമസാണ് ഉപനേതാവ്. അന്തരിച്ച മുൻ ചെയർമാൻ കെ എം മാണിയുടെ മകനായ ജോസ് കെ മാണിയെ പാര്‍ട്ടി ചെയർമാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പി ജെ ജോസഫ് അറിയിച്ചു.പാർട്ടിയിൽ വര്‍ക്കിംഗ് ചെയര്‍മാനു തന്നെയാണ് പാര്‍ട്ടി ചെയര്‍മാന്‍റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ പാര്‍ട്ടി വിപ്പും സെക്രട്ടറിയുമായി മോന്‍സ് ജോസഫിനെ തെരഞ്ഞെടുത്തതായി പി ജെ ജോസഫ് അറിയിച്ചു.ജോസഫ് വിഭാഗത്തിന് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇതിലെ അഞ്ചു പേരില്‍ മൂന്നു പേർ കമ്മിറ്റിയില്‍ പങ്കെടുത്തു.

കേസ് പരിഗണിക്കുന്ന കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ കേരളം കോൺ ഗ്രസ് എം തെരഞ്ഞെടുക്കാഞ്ഞത്. അതേസമയം വിധി വന്നിട്ടും കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണി പക്ഷം തയ്യാറായില്ല. കമ്മിറ്റിയുടെ കാര്യം അറിയിച്ചിട്ടും വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിയില്ലെന്നറിയിക്കുകയായിരുന്നെന്ന് പി ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവിൽ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിന് എതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്റ്റേ തുടരാന്‍ ഇന്ന് കട്ടപ്പന സബ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇത്തരത്തിൽ കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കാനാണ് ഇപ്പോൾ ജോസ് കെ മാണിയുടെ നീക്കം .യഥാർത്ഥമായുള്ള കേരളകോൺഗ്രസ് തങ്ങളാണെന്ന അവകാശവാദവുമായി ജോസ് കെ മാണി വിഭാഗം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.