ജാമ്യ ഹര്‍ജി തള്ളി; തിഹാർ ജയിലിൽ ചിദംബരത്തിന് വൃത്തിയുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ഹൈക്കോടതി

single-img
1 November 2019

തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്ന മുൻ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്‍റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ആശുപത്രിയിലേക്ക് മാറ്റാന്‍ മാത്രമുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജയിലില്‍ കഴിയുന്ന ചിദംബരത്തിന്‍റെ ആരോഗ്യം നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി നേരത്തേ എയിംസിലെ ഡോക്ടർമാർ അംഗങ്ങളായ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു.

ഇതനുസരിച്ച് തിഹാർ ജയിലിലെത്തി ചിദംബരത്തെ പരിശോധിച്ച ഡോക്ടർമാർ, അദ്ദേഹത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും എല്ലാവിധ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും കോടതിയില്‍ റിപ്പോർട്ട് നൽകി. ബോര്‍ഡ് സമര്‍പ്പിച്ച ഈ റിപ്പോർട്ട് പരിശോധിച്ചാണ്, ദില്ലി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

അതേസമയം, തിഹാർ ജയിലിൽ ചിദംബരത്തിന് വൃത്തിയുള്ള സൌകര്യങ്ങള്‍ ഒരുക്കണം എന്ന് ജയിലധികൃതരോട് ഹൈക്കോടതി നിർദേശിച്ചു. ജയിലും ചുറ്റുപാടും വൃത്തികേടുകളുണ്ടാകരുത്. കുടിക്കാനായി നല്ല മിനറൽ വാട്ടർ തന്നെ നൽകണം. കഴിക്കാന്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകാം. സംസ്ഥാനത്ത് പൊതുവേയുള്ള മലിനീകരണം തടയാനായി മാസ്കുകൾ നൽകണം. കൊതുകുകളുടെ കടിയേറ്റ് കിടക്കുന്ന സ്ഥിതിയുണ്ടാവരുത്. അതിനായി കൊതുകുവല പോലത്തെ സൗകര്യങ്ങൾ നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.