ബ്രിട്ടനിൽ ഇനി മുതൽ വാഹനമോടിക്കുമ്പോൾ ഫോൺ കൈകൊണ്ട് തൊട്ടാൽ പിഴ 200 പൌണ്ട്; നിരീക്ഷിക്കാൻ എച്ച്ഡി ക്യാമറകൾ

single-img
1 November 2019

ബ്രിട്ടനിലെ റോഡുകളിൽ വാഹനമോടിക്കുന്നയാളാണോ നിങ്ങൾ? എന്നാൽ ഇനിമുതൽ ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോണിനെ പൂർണ്ണമായും മറന്നേക്കൂ. ഫോൺ വിളിച്ചാൽ മാത്രമല്ല ഫോൺ കൈകൊണ്ട് തൊട്ടാൽപ്പോലും പിഴയീടാക്കാനാണ് അധികൃതരുടെ തീരുമാനം. 200 ബ്രിട്ടീഷ് പൌണ്ട് (ഏകദേശം 18350 ഇന്ത്യൻ രൂപ) ആയിരിക്കും പിഴയായി ഈടാക്കുക.

നേരത്തേ ഫോൺ വിളിക്കുന്നതിനും മെസേജ് അയയ്ക്കുന്നതിനും മാത്രമായിരുന്നു പിഴയീടാക്കിയിരുന്നത്. എന്നാൽ പല ഡ്രൈവർമാരും വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ പാട്ട് സെർച്ച് ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതും പതിവാക്കിയതിനാലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

പൌരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് നിയമം നടപ്പിലാക്കുന്നതെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു.

വാഹനമോടിക്കുന്നതിനിടയിലുള്ള ഏതുതരം മൊബൈൽ ഫോൺ ഉപയോഗവും ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധമാറ്റും എന്നതിനാലാണ് പുതിയ നിയമം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നവരും ഉണ്ട്. ഫോൺ കയ്യിൽ എടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ എച്ച്ഡി ക്യാമറകൾ സ്ഥാപിക്കും.

ഡ്രൈവിങ്ങിനിടെ വീഡിയോ ചിത്രീകരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് റാംസേ ബറെറ്റോ എന്ന 51 വയസുകാരന് മജിസ്ട്രേറ്റ് വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് വാഹനമോടിക്കുന്നതിനിടെയുള്ള മറ്റുതരത്തിലുള്ള മൊബൈൽ ഉപയോഗങ്ങൾ കൂടി നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

അടുത്തകാലത്ത് പുറത്തുവന്ന ഒരു സർവ്വേ പ്രകാരം ബ്രിട്ടനിലെ 25 വയസിനു താഴെയുള്ള 35 ശതമാനം ഡ്രൈവർമാരും മൊത്തം ഡ്രൈവർമാരിൽ 17 ശതമാനം പേരും വാഹനമോടിക്കുന്നതിനിടെ റോഡിൽ നിന്നും ശ്രദ്ധ മാറ്റി മൊബൈലിൽ സോഷ്യൽ മീഡിയ, ഇമെയിൽ എന്നിവ നോക്കാറുണ്ട്.