കാഴ്ചയില്‍ കൊതിയൂറും വിഭവങ്ങള്‍;പാചകം ചെയ്യുന്ന ഇടം കണ്ടാല്‍ മൂക്ക് പൊത്തും; ഇതാ കാഴ്ചയ്ക്കപ്പുറം ചില യാഥാര്‍ത്ഥ വസ്തുതകള്‍

single-img
1 November 2019

ആരുടേയും ആദ്യ കാഴ്ചയിൽ ചായക്കടകളിലെ ചില്ലലമാരകളിലിരുന്നു കൊതിപ്പിക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കുന്ന കോഴിക്കോട് നഗരത്തിലെ ഒരു പാചകപ്പുരയിലെ കാഴ്ച കണ്ടാൽ ആരും ഒന്ന് ഞെട്ടും. കൂടുതൽ ഉപയോഗത്താൽ കരിഓയിലുപോലുള്ള എണ്ണ നിറച്ച ചീനച്ചട്ടി, വാതിലുകൾ തുറന്ന കെട്ടിടത്തിനുള്ളിൽ പട്ടിയും പൂച്ചയും പാഞ്ഞുനടക്കുന്നു. അടപ്പില്ലാത്ത പാത്രത്തിൽ കുഴച്ചുവച്ച അരിയും ഉഴുന്നും മൈദയും. ആരും മൂക്ക് പൊത്തുന്ന നാറ്റവും മഴ പെയ്താൽ കെട്ടിടത്തിന്റെ മാവുകുഴച്ചതുപോലെ ചെളിനിറയുന്ന തറയും.

കോഴിക്കോട് നഗരത്തിലെ പലഹാരനിർമാണ കേന്ദ്രങ്ങളിൽ അടുത്തിടെ കോർപറേഷൻ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവകുപ്പും പല തവണ പരിശോധന നടത്തിയിരുന്നു. ഇത്തരത്തിൽ ആറു മാസം മുൻപ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമെന്നു കണ്ടെത്തിയ മൂന്നു പലഹാര നിർമാണ കേന്ദ്രങ്ങൾ പൂട്ടുകയും ഇവയ്ക്ക് 35,000 രൂപ പിഴയിടുകയും ചെയ്‌തെങ്കിലും പൂട്ടി ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ സ്ഥാപനങ്ങൾ തുറന്നു. കോഴിക്കോട് പ്രവർത്തിക്കുന്ന ഏറ്റവും വലിയ പലഹാരനിർമാണ കേന്ദ്രങ്ങളിലൊന്നായിരുന്നു പൂട്ടിയതിൽ ഒന്ന്.

സ്ഥാപനം വീണ്ടും തുറക്കാനായി ഉന്നതരിൽനിന്ന് സമ്മർദങ്ങളുണ്ടായാതായി ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. ഇത്തരത്തിൽ വീണ്ടും തുറക്കാൻ കോർപറേഷൻ അനുമതി നൽകിയ പലഹാരനിർമാണ കേന്ദ്രത്തിൽ നിന്നും നഗരത്തിലെത്തുന്നത് പ്രതിദിനം 12,000 പലഹാരങ്ങളാണ്. നഗര പരിധിയിലുള്ള പല വൻകിട പലഹാര നിർമാണ കേന്ദ്രങ്ങൾക്കും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും കോർപറേഷന്റെയും ലൈസൻസില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. എന്നാൽ ഒരു തടസ്സവുമില്ലാതെ ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നു.

മിക്കവാറും പലഹാര നിർമാണ യൂണിറ്റുകൾ പലതും പ്രവർത്തിക്കുന്നത് രൂപമാറ്റം വരുത്തിയ വീടുകളിലാണ്. ഖരമാലിന്യസംസ്കരണ സംവിധാനമില്ലാത്ത യൂണിറ്റുകൾക്കും കോർപറേഷൻ ലൈസൻസ് നൽകില്ല. ചുരുക്കത്തിൽ പല സ്ഥാപനങ്ങൾക്കും കോർപറേഷന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ലൈസൻസ് ഇല്ല. ലൈസൻസ് ഇല്ലെന്ന വിവരം അധികൃതർക്ക് അറിയുകയും ചെയ്യാം. എന്നിട്ടുപോലും അധികൃതർ കണ്ണടയ്ക്കുന്നു.

പ്രതിദിനം 3000 രൂപയിൽ താഴെ വരുമാനമുള്ള യൂണിറ്റുകൾക്ക് ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷനാണു വേണ്ടത്. വീടുകളോടു ചേർന്നു പ്രവർത്തിക്കുന്ന ചെറുകിട യൂണിറ്റുകൾ ഇത്തരത്തിലുള്ള റജിസ്ട്രേഷനോടു കൂടിയാണു പ്രവർത്തിക്കുന്നത്. അതേസമയം കോർപറേഷന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും ലൈസൻസോടെ വൃത്തിയുള്ള അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വൻകിട യൂണിറ്റുകളും നഗരത്തിലുണ്ട്.