ടിൻഡർ വഴി ഹണിട്രാപ്പ്: ഓസ്ട്രേലിയൻ റിയാലിറ്റി ഷോ താരം സൂസി ടെയ്ലർ അറസ്റ്റിൽ

single-img
1 November 2019

ഡേറ്റിംഗ് ആപ്പ് ആയ ടിൻഡർ വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഓസ്ട്രേലിയൻ റിയാലിറ്റി ഷോ താരം സൂസി ടെയ്ലർ അറസ്റ്റിൽ.

33 വയസുകാരനായ യുവാവിനെ ബ്രിസ്ബെയ്നിലുള്ള ഒരു വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം സൂസി പണം ആവശ്യപ്പെടുകയായിരുന്നു. യുവാവ് പണം നൽകാൻ വിസമ്മതിച്ചപ്പോൾ ഇവരുടെ സുഹൃത്തായ അലി എബ്രാഹിമി(22) മുറിയിൽ കയറിവന്ന് യുവാവിനെ മർദ്ദിക്കുകയും ചെയ്തു.

യുവാവിന്റെ ബാങ്ക് അക്കൌണ്ടിലെ പണം ട്രാൻസ്ഫർ ചെയ്തുതരാൻ ഇവർ സമ്മർദ്ദം ചെലുത്തിയതായും പരാതിയുണ്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് കാർഡ് പിടിച്ചുപറിച്ച ശേഷം ഇവർ പണം പിൻവലിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടൽ, അക്രമം തുടങ്ങിയ വകുപ്പുകളിൽന്മേൽ ഇവർക്കെതിരെ കേസെടുത്തതായി ക്വീൻസ്ലാൻഡ് പൊലീസ് അറിയിച്ചു.

നയൻ നെറ്റ്വർക്ക് ചാനൽ സംപ്രേഷണം ചെയ്ത ദി ബ്ലോക്ക് എന്ന റിയാലിറ്റി ഷോയുടെ 2015-ലെ സീസണിൽ പങ്കെടുത്തത് വഴിയാണ് സൂസി ടെയ്ലർ പ്രശസ്തയാകുന്നത്.