അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; നടന്നത് ഭരണകൂട ഭീകരതയെന്ന് സിപിഐ

single-img
1 November 2019

പാലക്കാട്ടെ അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് ഇന്ന് ഏറ്റുമുട്ടൽ നടന്ന മേലെ മഞ്ചിക്കണ്ടി വനത്തിലെ സ്ഥലം സന്ദ‌ർശിച്ച സിപിഐ പ്രതിനിധി സംഘം പറഞ്ഞു. മാത്രമല്ല, ഭരണകൂട ഭീകരതയാണ് അട്ടപ്പാടിയിൽ നടന്നതെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്നതായി പറയുന്ന സ്ഥലത്തെ പ്രദേശവാസികളുമായി സംസാരിക്കുമ്പോഴും സ്ഥലം സന്ദ‌ർശിക്കുമ്പോഴും ബോധ്യപ്പെടുന്നത് ഇത് വ്യാജമായ ഏറ്റുമുട്ടലാണെന്നാണ്.

പോലീസ് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവിടെ ഏറ്റുമുട്ടൽ നടന്നതെന്നാണ് വ്യക്തമാവുന്നത് പി പ്രസാദ് പറഞ്ഞു. പോലീസുകാർ വിധിക‌‌ർത്താക്കളായി മാറുന്ന രീതി പ്രാകൃതമാണെന്ന് പറഞ്ഞ പി പ്രസാദ്, സംഭവിച്ചതെന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വവും കടമയും കേരളത്തിലെ ഇടത് പക്ഷ സർക്കാരിനുണ്ടെന്നും വ്യക്തമാക്കി.

പോലീസ് എന്താണോ പറയുന്നത് അത് അതുപോലെ ആവ‌ർത്തിക്കുകയല്ല സ‌ർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഐ പ്രതിനിധി മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും ഇക്കാര്യത്തിൽ തൃപ്തികരമല്ലെന്നും വ്യക്തമാക്കി. സിപിഐയുടെ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, എംഎൽഎമാരായ ഇ കെ വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് ഇന്ന് സ്ഥലം സന്ദ‌‌ർശിച്ചത്.