നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെയ്ക്കാനോ മാപ്പുപറയാനോ താന്‍ തയ്യാറെന്ന് മന്ത്രിയോട് പ്രിന്‍സിപ്പല്‍

single-img
1 November 2019

കഴിഞ്ഞ ദിവസം വൈകിട്ട് പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ്. ഇന്ന് തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ കെ ബാലനെ നേരിട്ടുകണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താൻ ആരെയും ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ലെന്നും തനിക്ക് ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും ആരൊക്കെ എപ്പോൾ ഏതു പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും അറിയില്ല എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കോളേജ് യൂണിയന്‍ ആരെയൊക്കെയാണു ക്ഷണിച്ചതെന്ന വിവരവും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ എങ്ങിനെ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെക്കണ്ടോ.. യൂണിയന്‍ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്.’- അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോളേജിൽ നടക്കുന്ന ചടങ്ങിലേക്ക് അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ മാത്രമാണോ ചെയ്യുന്നതെന്ന ചോദ്യത്തിന്, പ്രിന്‍സിപ്പൽ അറിയാതെ അതു ചെയ്തതു തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം തിരികെ ചോദിച്ചു.

പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്.