വിരണ്ടോടിയ എരുമയുടെ ‘ജെല്ലിക്കെട്ട്’: ഒടുവിൽ എലിഫന്റ് സ്ക്വാഡിന്റെ മയക്കുവെടി

single-img
31 October 2019

കോട്ടയം: തിരുവല്ലയിൽ വിരണ്ടോടിയ എരുമയെ ബന്ധിച്ചത് എലിഫന്റ് സ്ക്വാഡെത്തി മയക്കുവെടി വെച്ച ശേഷം. ലിജോ ജോസ് പെലിശ്ശേരിയുടെ ജെല്ലിക്കെട്ട് സിനിമയിലെപ്പോലെ അഞ്ചുദിവസത്തോളം നാട്ടുകാരെ വട്ടം ചുറ്റിച്ച എരുമയെയാണ് ജില്ലാ കളക്ടറുടെ അനുമതിയോടെ മയക്കുവെടിവെച്ച് വീഴ്ത്തിയത്.

ശനിയാഴ്ച വൈകിട്ടാണ് ളായിക്കാട് സ്വദേശിയുടെ എരുമ കെട്ട് പൊട്ടിച്ചോടിയത്. 3 ദിവസമായി അന്വേഷിച്ചു നടക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ എരുമയെ പെരുന്തുരുത്തി മെഡിസിറ്റിക്കു സമീപമുള്ള ചതുപ്പുനിലത്ത് കണ്ടെത്തി.എന്നാൽ ഉടമയും നാട്ടുകാരും ചേർന്ന് കയറിട്ടുകുരുക്കാൻ ശ്രമിച്ചതോടെ എരുമ വീണ്ടും അക്രമാസക്തമായി. അടുത്തെത്തുമ്പോൾ ആക്രമിക്കാൻ പാഞ്ഞെത്തിയതോടെ ആളുകൾ ചിതറിയോടി. പിന്നീട് അഗ്നിശമനസേനയുടെ സഹായം തേടിയെങ്കിലും രാത്രിയായതിനാൽ അവർ തിരിച്ചുപോയി.

ഒടുവിൽ ബുധനാഴ്ച രാവിലെ നാട്ടുകാർ പരാതി നൽകിയതോടെ അധികൃതർ ഇടപെട്ട് ജില്ലാ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന, റവന്യൂ, മൃഗസംരക്ഷണ വകുപ്പ്, പൊലീസ് അധികൃതർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് വൈകിട്ട് ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെ കോട്ടയത്തു നിന്നെത്തിയ വിദഗ്ധർ മയക്കുവെടി വച്ചു. 6 മണിയോടെ ആദ്യത്തെ മയക്കുവെടി വച്ചെങ്കിലും എരുമയുടെ ദേഹത്ത് കൊണ്ട് തെറിച്ചുപോയി.

നല്ല മഴയും തുടങ്ങിയതോടെ ശ്രമം വീണ്ടും താമസിച്ചു. അര മണിക്കൂറിനുശേഷം വച്ച രണ്ടാമത്തെ വെടിയും ഏറ്റില്ല. 7 മണിക്ക് വച്ച മൂന്നാമത്തെ വെടിയാണ് ഏറ്റത്. 20 മിനിറ്റിനുശേഷം മയങ്ങിയതോടെ എരുമയെ ബന്ധിച്ചു. സബ് കലക്ടർ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വയ്ക്കാൻ നേതൃത്വം നൽകിയത്.