യാത്രക്കാരൻ രക്തം ഛർദ്ദിച്ചു; ജീവൻ രക്ഷിക്കാൻ ആംബുലൻസായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്

single-img
31 October 2019

കൊല്ലം: യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ‘ആംബുലൻസായി’. യാത്രയ്ക്കിടയിൽ രക്തം ഛർദ്ദിച്ച് ബോധരഹിതനായ ചെങ്ങന്നൂർ ചെറിയനാട് കല്ലുംപുറത്ത് വിനോദി(50)ന്റെ ജീവനാണു ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിച്ചത്.

അഞ്ചു മിനിറ്റ് കൊണ്ടു ബസ് കൃഷ്ണപുരത്തു നിന്നു ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11.45 നായിരുന്നു സംഭവം. എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന വിനോദ് കൃഷ്ണപുരത്തിനു സമീപം വച്ചാണ് രക്തം ഛർദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ബസ് ജീവനക്കാർ വേഗത്തിൽ പ്രഥമ ശുശ്രൂഷകൾ നടത്തി വിനോദിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ബസ് ആശുപത്രിയിലേക്ക് പോകുന്നതിന് ചില യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും അത് അവഗണിച്ചാണ് ബസ് ജീവനക്കാരായ പാറശാല ഡിപ്പോയിലെ കണ്ടക്ടർ പി.സതീഷ്കുമാറും ഡ്രൈവർ എസ്.വിജയകുമാറും ചേർന്ന് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്. വിനോദ് കായംകുളത്തു നിന്ന് കരുനാഗപ്പള്ളിയിലെ ബന്ധു വിട്ടിലേക്കു പോയതായിരുന്നു.