നാട്ടിലേക്ക് മടങ്ങാൻ പായ്ക്ക് ചെയ്ത ശേഷം ഉറങ്ങിയ പ്രവാസി ഉറക്കത്തിൽ മരിച്ചു

single-img
31 October 2019

നാട്ടിലേയ്ക്ക് പോകാൻ പെട്ടി കെട്ടിവെച്ച ശേഷം ഉറങ്ങിയ പ്രവാസി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല അക്കരവിളപണയില്‍ വീട്ടില്‍ ഷാജി (46) ആണ് റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഉനൈസയില്‍ മരിച്ചത്.

ഇയാൾക്ക് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാൽ വ്യാഴാഴ്ച രാവിലെ 11:05-നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ പോകാന്‍ പെട്ടിയെല്ലാം കെട്ടിവെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. രാവിലെ ഏറെ വൈകിയും മൊബൈലിൽ ലഭിയ്ക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഉറക്കത്തിലെ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

കഴിഞ്ഞ 13 വര്‍ഷമായി ഉനൈസയിലെ ഗസാലിയ ഈത്തപ്പഴ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഷാജി, അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായാണ് നാട്ടില്‍ പോകാനൊരുങ്ങിയത്. റിയാദിൽ ഷാജിക്കൊപ്പം സന്ദര്‍ശക വിസയില്‍ കൂടെ ഉണ്ടായിരുന്ന കുടുംബം മൂന്നാഴ്‌ച മുമ്പാണ് നാട്ടില്‍ പോയത്.

പരേതരായ സൈനുദ്ദീന്‍, സഫാറ ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബി. മക്കള്‍: സൗമ്യ, ആദില്‍. മരുമകന്‍: ഷിബു. മൃതദേഹം തുടര്‍നടപടികള്‍ക്ക് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. മൃതദേഹം ഇവിടെത്തന്നെ ഖബറടക്കും.