മുട്ട കഴിച്ചു വളരുന്ന കുട്ടികൾ നരഭോജികളാകുമെന്ന് മധ്യപ്രദേശ് ബിജെപി നേതാവ്

single-img
31 October 2019

മുട്ട കഴിച്ച് വളരുന്ന കുട്ടികൾ നരഭോജികളായി മാറുമെന്ന് മധ്യപ്രദേശിലെ ബിജെപി നേതാവ്. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഗോപാൽ ഭാർഗവയുടേതാണ് വിവാദ പരാമർശം.

മധ്യപ്രദേശിലെ അംഗൻവാടികളിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരത്തിൽ മുട്ട ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ എതിർത്തുകൊണ്ടാണ് ഗോപാൽ ഭാർഗവ ഇത്തരമൊരു വിചിത്രമായ വാദഗതി ഉന്നയിച്ചത്.

“ഈ സർക്കാരിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കുവാനുള്ളത്? കുട്ടികളെ മുട്ട തീറ്റിക്കുന്നു. കഴിക്കാത്തവരെ നിർബ്ബന്ധിച്ച് തീറ്റിക്കുന്നു. ഇനി ചിക്കനും മട്ടനും തീറ്റിക്കുമായിരിക്കും. നോക്കൂ, നമ്മുടെ ഭാരതീയ സംസ്കാരത്തിൽ ഇറച്ചി കഴിക്കുന്നത് അനുവദനീയമല്ല.ഇത് നമ്മൾ ചെറുപ്പത്തിലേ കഴിച്ചു വന്നാൽ വളരുമ്പോൾ നാം നരഭോജികളായി മാറും.”

ഗോപാൽ ഭാർഗവ പറഞ്ഞു.

തന്റെ ജാതിയിലെ നിയമമനുസരിച്ച് താൻ ഉള്ളിയും വെളുത്തുള്ളിയും പോലും കഴിക്കാറില്ലെന്നും ഗോപാൽ ഭാർഗവ പറഞ്ഞു.

മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നാരോപിച്ച് നേരത്തേ ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ വർഗീയയും രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശ് ശിശുക്ഷേമ വകുപ്പ് മന്ത്രിയായ ഇമരതി ദേവിയാണ് അംഗൻവാടി കുട്ടികൾക്ക് ഭക്ഷണത്തോടൊപ്പം മുട്ട നൽകുവാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ബിജെപി പ്രതിഷേധിക്കുന്നുവെന്നത് താൻ കണക്കിലെടുത്തിട്ടില്ലെന്നും കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു പ്രതിഷേധക്കാരോട് ഇമരതി ദേവിയുടെ പ്രതികരണം

Content Highlights: Eating eggs can turn children into cannibals, says Madhya Pradesh BJP leader Gopal Bhargava