ദീപാവലി ആശംസകള്‍ നേര്‍ന്ന് ഇശാന്ത് ശര്‍മയുടെ കുടുംബ ചിത്രം; വിവാദമായി പിന്നിലെ ‘അസാറാം ബാപ്പു’

single-img
31 October 2019

ദീപാവലി ദിനത്തില്‍ ആശംസയ്ക്കൊപ്പംകുടുംബ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്ത് ശർമ കുരുക്കിലായി. ചിത്രത്തില്‍ മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ സിങ്ങിനും ഒപ്പമായിരുന്നു ഇഷാന്ത്. ചിത്രത്തോടൊപ്പം ‘സന്തോഷം നിറഞ്ഞതും സുരക്ഷിതവുമായ ഒരു ദീപാവലി എല്ലാവർക്കും ആശംസിക്കുന്നു’ എന്നും ഇഷാന്ത് ട്വീറ്റ് ചെയ്തു.

ഈ ഫോട്ടോ നല്ലതായിരുന്നു എങ്കിലും പിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം അസാറാം ബാപ്പുവായിരുന്നു. കുറ്റവാളിയായ സ്വാമിയുടെ ചിത്രം ഭിത്തിയിൽ സ്ഥാപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകരിൽ തന്നെ പലരും താരത്തിനെതിരെ തിരിഞ്ഞു.

ഇഷാന്ത് വളരെ പെട്ടെന്ന് തന്നെ ട്വീറ്റ് പിൻവലിക്കണമെന്ന് ആരാധകരിൽ ചിലർ ആവശ്യപ്പെട്ടു. ചിത്രം വിവാദമായ പിന്നാലെ ഇഷാന്ത് ട്വിറ്ററിൽനിന്ന് ചിത്രം പിൻവലിക്കുകയും അസാറാം ബാപ്പു ഉൾപ്പെടുന്ന ഭാഗം ചിത്രത്തിൽനിന്ന് നീക്കം ചെയ്ത ശേഷം ഇൻസ്റ്റഗ്രാമിൽ പുതിയൊരു ആശംസ പോസ്റ്റ് ചെയ്യുകയും ചെയ്തു.