രാജ്യത്ത് മത സൗഹാര്‍ദ്ദം പുലരണം; കോടതിയുടെ അയോധ്യ വിധിയെ സംയമനത്തോടെ നേരിടണമെന്ന് ആര്‍എസ്എസ്

single-img
30 October 2019

നവംബർ മാസത്തിൽ പുറപ്പെടുവിക്കുന്ന അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും സംയമനത്തോടെ നേരിടണമെന്ന് ആർ എസ് എസ് അറിയിക്കുന്നു. രാജ്യത്ത് മത സൗഹാർദ്ദം പുലരണമെന്നും ഇതോടൊപ്പം ആർ എസ് എസ് ട്വീറ്റ് ചെയ്തു.

ആർ എസ് എസ് പ്രചാരകരുടെ യോഗം തലസ്ഥാനമായ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെയാണ് ട്വീറ്റ് വന്നിരിക്കുന്നത്. അയോധ്യ കേസില്‍ അന്തിമ വാദം 40 ദിവസം കേട്ട സുപ്രീംകോടതി ഭരണഘടന ബഞ്ച് വിധി പറയാനായി കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. വാദത്തിന്റെ അവസാന നാളിൽ അയോധ്യ വിധി പുറപ്പെടുവിക്കുമ്പോൾ ഭാവി തലമുറയെക്കൂടി കണക്കിലെടുക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതിനൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോൾ എഴുതി നല്‍കിയ അപേക്ഷയിലാണ് കേസിലെ കക്ഷികളായ മുസ്ലിം സംഘടനകൾ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. രാജ്യത്തെ ഭാവി തലമുറയെക്കൂടി ബാധിക്കുന്നതാകും അയോധ്യ കേസിലെ വിധി. അതോടൊപ്പം രാജ്യത്തിന്‍റെ രാഷ്ട്രീയഗതിയേയും സ്വാധീനിക്കും. വിധിയുടെ അന്തസത്ത എന്താകണം എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അങ്ങിനെ തീരുമാനം എടുക്കുമ്പോൾ ഭാവി തലമുറ മനസ്സിലുണ്ടാകണമെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.