തീവ്രന്യൂന മര്‍ദ്ദം ചുഴലികാറ്റാവാന്‍ സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
30 October 2019

ലക്ഷദ്വീപിന്റെ സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറി എന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ഒന്നാം തിയതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

ഇനിയുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം അതിതീവ്രന്യൂനമര്‍ദമായി മാറും. ഇത് ലക്ഷദ്വീപിലൂടെയാണ് കടന്നുപോകുക. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് സ്മ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ടാണ്.

ഈ ന്യൂനമര്‍ദ്ദം കേരള തീരം തൊടില്ലെങ്കിലും തീരദേശത്തിനോട് ചേര്‍ന്ന കടല്‍പ്രദേശത്ത് തീവ്രന്യൂനമര്‍ദം കടന്നുപോകും. അതിനാലാണ് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.